ഡല്‍ഹി: വീടുകളിലടക്കം തടസമില്ലാതെ 24 മണിക്കൂറും വൈദ്യുതി ലഭിക്കുക എന്നത് ഉപഭോക്താവിന്റെ അവകാശമാണെന്ന തരത്തില്‍ ചട്ടങ്ങള്‍ പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വൈദ്യുതി വിതരണം തടസപ്പെട്ടാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കുന്ന തരത്തിലാവും പുതിയ വ്യവസ്ഥകള്‍. കേന്ദ്ര ഊര്‍ജ മന്ത്രാലയം അന്തിമ രൂപംനല്‍കിയ പുതിയ താരിഫ് നയത്തിലാണ് ഇതു സംബന്ധിച്ച് വൈദ്യുതി വിതരണ കമ്പനികള്‍ക്കും സംസ്ഥാനങ്ങള്‍ക്കുമുള്ള ഉത്തരവാദിത്തങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടുള്ളതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
പുതിയ താരിഫ് നയം ഊര്‍ജ മന്ത്രാലയം കാബിനറ്റിന്റെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്. മുന്‍കൂട്ടി അറിയിക്കാതെ വൈദ്യുതി തടസപ്പെടുകയോ മുന്‍കൂട്ടി അറിയിച്ച നിശ്ചിത സമയ പരിധി കഴിഞ്ഞും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാതിരിക്കുകയോ ചെയ്താല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കും. നഷ്ടപരിഹാരത്തുക ഉപഭോക്താവിന്റെ അക്കൗണ്ടില്‍ ക്രെഡിറ്റാവുകയാവും ചെയ്യുക. അടുത്ത തവണ വൈദ്യുതി ബില്‍ അടയ്ക്കുമ്പോള്‍ ആ തുക കുറച്ച് ബാക്കി പണം അടച്ചാല്‍ മതിയാവും. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വൈദ്യുതി ഉത്പാദനം ആവശ്യത്തില്‍ അധികമായ സാഹചര്യത്തിലാണ് കേന്ദ്രം പുതിയ ചട്ടങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്നതെന്ന് ഉന്നത വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കടക്കം 24 മണിക്കൂറും മുടങ്ങാതെ വൈദ്യുതി ലഭ്യത ഉറപ്പാക്കാനുള്ള ചട്ടങ്ങള്‍ രൂപവത്കരിക്കാന്‍ പറ്റിയ സമയമാണിത്. എല്ലാ സംസ്ഥാനങ്ങള്‍ക്കും പുതിയ വ്യവസ്ഥകള്‍ ബാധകമായിരിക്കും. രാജ്യത്തെ വൈദ്യുതി വിതരണ രംഗത്തെ ഏറ്റവും വലിയ പരിഷ്‌കാരമാവും ഇതെന്നും ഊര്‍ജ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
പുതിയ താരിഫ് നയവും ഇലക്ട്രിസിറ്റി ആക്ടും യാഥാര്‍ഥ്യമാകുന്നതോടെ വൈദ്യുതി വിതരണം മത്സരാധിഷ്ഠിതമാകുമെന്നും ഉപഭോക്താക്കള്‍ക്കും വിതരണക്കാര്‍ക്കുമെല്ലാം ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post