ബംഗലൂരു: ബംഗലൂരുവിൽ നടന്ന കലാപങ്ങളിൽ കോൺഗ്രസ്സ്- എസ് ഡി പി ഐ നേതാക്കൾക്ക് പങ്കുള്ളതായി എഫ് ഐ ആർ. ഓഗസ്റ്റ് പതിനൊന്നിന് നടന്ന അക്രമ സംഭവങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും എഴുപത്തഞ്ചോളം പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പ്രവാചകനുമായി ബന്ധപ്പെട്ട് സാമൂഹിക മാദ്ധ്യമത്തിൽ വന്ന ഒരു പോസ്റ്റിനെ തുടർന്നാണ് അക്രമ സംഭവങ്ങൾ ആരംഭിച്ചത്. മതസ്പർദ്ധ വളർത്തിയതിനും കലാപത്തിന് ആഹ്വാനം ചെയ്തതിനും എസ്ഡിപിഐ നേതാക്കൾക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിലെ കോൺഗ്രസ്സ് നേതാക്കളുടെ പങ്ക് വെളിച്ചത്തായിരിക്കുന്നത്.
കോൺഗ്രസ്സ് നേതാവ് ഇർഷാദ് ബീഗത്തിന്റെ ഭർത്താവ് കലീം പാഷയെ ഏഴാം പ്രതിയാക്കിയാണ് ബംഗലൂരു പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുൻ കോൺഗ്രസ്സ് മന്ത്രി കെ ജെ ജോർജ്ജിന്റെ അടുത്ത അനുയായി കൂടിയാണ് കലീം പാഷ.
അതേസമയം പ്രദേശത്ത് നിലവിൽ സ്ഥിതിഗതികൾ ശാന്താമാണെങ്കിലും ഓഗസ്റ്റ് പതിനഞ്ച് വരെ 144 തുടരുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.









