ഡല്‍ഹി: കൊവിഡ് മരുന്നുകളും വാക്‌സിനുകളും നിര്‍മ്മാണഘട്ടത്തിലിരിക്കെ മരുന്ന് വിതരണം കേന്ദ്ര മേല്‍നോട്ടത്തിലാകണമെന്ന് ഉപദേശിച്ച് വിദഗ്ധസമിതി. സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്നും ഡോ. വികെ പോള്‍ സമിതി നിര്‍ദേശിച്ചു. സംഭരണം മുതല്‍ വിതരണം വരെയുള്ള കാര്യങ്ങള്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ് ഫോം വേണം. രാജ്യത്തെ വലിയ ജനസംഖ്യ കണക്കിലെടുത്താണിതെന്നും നിര്‍ദേശത്തില്‍ പറയുന്നു.
കൊവിഡ് വാക്‌സിന്‍ പ്രതീക്ഷകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലായിരുന്നു രാജ്യത്തിനാവശ്യമുള്ള മരുന്ന് എത്തിക്കുന്നതും സംഭരിക്കുന്നതും സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഡോ. വികെ പോള്‍ സമിതിയെ നിയോഗിച്ചത്. ആദ്യ യോഗത്തിന് ശേഷമാണ് പ്രാഥമിക നിര്‍ദേശങ്ങള്‍ സമിതി നല്‍കിയിരിക്കുന്നത്.
എത്ര മരുന്ന് എവിടെ നിന്നൊക്കെ എത്തിക്കാനാവും, രാജ്യത്ത് വാക്‌സിന്‍ ആര്‍ക്കൊക്കെ ആദ്യം നല്‍കണം തുടങ്ങിയ കാര്യങ്ങളടക്കമാണ് പരിഗണനയിലുള്ളത്. ഭാരത് ബയോടെക്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ നേതൃത്വത്തില്‍ മൂന്നു വാക്‌സിന്‍ പരീക്ഷണങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്. കൂടുതല്‍ കമ്പനികളുമായി കരാറുണ്ടാക്കുന്ന സാധ്യത പരിശോധിക്കാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.
Discussion about this post