ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് വിളിച്ച് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് നേപ്പാൾ പ്രധാനമന്തി കെ.പി ശർമ്മ ഒലി. ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ ഫോണിലൂടെ 10 മിനിറ്റോളം സംഭാഷണം നടത്തിയെന്നാണ് വിവരങ്ങൾ.
അതിർത്തി തർക്കത്തിൽ ഇരു രാജ്യങ്ങൾക്കുമിടിയിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നതിനിടെയാണ് ഒലിയുടെ നീക്കങ്ങൾ. സ്വാതന്ത്ര്യ ദിനാഘോഷത്തിൻറെ ഭാഗമായി ട്വിറ്ററിലൂടെയും പ്രധാനമന്ത്രി ഒലി ആശംസയുമായി രംഗത്തെത്തിയിരുന്നു. ആശംസയ്ക്ക് മോദി നേപ്പാൾ പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു. കൊറോണ വൈറസ് വ്യാപന പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇരു രാജ്യങ്ങളും ഒരുമിച്ചു പ്രവർത്തിക്കുമെന്ന ധാരണയും നേതാക്കൾ പങ്കുവെച്ചു. ഇക്കാര്യത്തിൽ മോദി നേപ്പാളിന് ഇന്ത്യയുടെ തുടർ പിന്തുണ വാഗ്ദാനം ചെയ്തു.
ഇന്ത്യയും നേപ്പാളും തമ്മിൽ ഓഗസ്റ്റ് 17 ന് ഉഭയകക്ഷി ചർച്ചകൾ നടക്കും. ഇന്ത്യൻ അംബാസഡർ വിജയ് മോഹൻ ക്വാത്രയും നേപ്പാൾ വിദേശകാര്യ സെക്രട്ടറി ശങ്കർ ദാസ് ബൈറാഗിയും തമ്മിൽ ആണ് കൂടിക്കാഴ്ച നടത്തുക . മെയ് മാസത്തിൽ ഇന്ത്യയുടെ ഭൂപ്രദേശങ്ങളെ ഉൾപ്പെടുത്തി നേപ്പാൾ പുതിയ ഭൂപടം പുറത്തിറക്കിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ അഭിപ്രായ വ്യത്യാസവും നിലനിൽക്കുന്നുണ്ട്.
ഇന്ത്യയുടെ അതിർത്തിയിൽ സംഘർഷമുണ്ടാക്കുന്ന ചൈനയ്ക്ക് പിന്തുണ നല്കുന്ന പ്രസ്താവനകളുമായി ഒലി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യങ്ങൾക്കു ശേഷം നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. ഇന്ത്യയും നേപ്പാളും തമ്മിലുള്ള പതിവ് സംഭാഷണത്തിന്റെ ഭാഗമാണ് കൂടിക്കാഴ്ചയെന്നും വിദേശകാര്യം മന്ത്രാലയം അറിയിക്കുന്നു. ലിപുലെഖ്, കലാപാനി, ലിംപിയാദുര എന്നീ പ്രദേശങ്ങളെ ഉൾപ്പെടുത്തിയാണ് നേപ്പാൾ പുതിയ ഭൂപടം തയ്യാറാക്കിയിരിക്കുന്നത്.
Discussion about this post