ഡല്‍ഹി: കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ നിന്ന് 10,000 അര്‍ധസൈനികരെ അടിയന്തരമായി പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് പിന്നാലെയാണ് നിര്‍ദേശം നല്‍കിയത്.
2019-ൽ ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനു പിന്നാലെ കേന്ദ്ര സായുധ പോലീസ് സേനയില്‍പ്പെട്ടവരെ എവിടെനിന്നാണോ കശ്മീരിലേക്ക് നിയോഗിച്ചത് അവിടേക്കുതന്നെ അവരെ തിരിച്ചയയ്ക്കാനാണ് നിര്‍ദ്ദേശം. 100 കമ്പനി അര്‍ധസൈനിക വിഭാഗങ്ങളെയാണ് തിരിച്ചയയ്ക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം സിആര്‍പിഎഫിന്റെ 40 കമ്പനികളും, കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്) യുടെ 20 കമ്പനികളും അതിര്‍ത്തി രക്ഷാസേന, സശസ്ത്ര സീമാ ബല്‍ എന്നിവയില്‍പ്പെട്ട നിരവധി സുരക്ഷാ സൈനികരും ഈയാഴ്ചതന്നെ കശ്മീര്‍ വിടുമെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
കേന്ദ്ര സായുധ പോലീസ് സേനയുടെ ഒരു കമ്പനി എന്ന് പറയുന്നത് 100 സുരക്ഷാ സൈനികര്‍ ഉള്‍പ്പെട്ടതാണ്. 100 കമ്പനി സുരക്ഷാ സൈനികരെ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ മെയ് മാസത്തില്‍ കശ്മീരില്‍നിന്ന് പിന്‍വലിച്ചിരുന്നു. കൂടുതല്‍ സുരക്ഷാ സൈനികരെ പിന്‍വലിക്കാനുള്ള നിര്‍ദേശം നടപ്പിലാവുന്നതോടെ സിആര്‍പിഫിന്റെ 1000 സേനാംഗങ്ങള്‍ വീതം ഉള്‍പ്പെട്ട 60 ബറ്റാലിയനുകളും വളരെ കുറച്ചുമാത്രം കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങളും മാത്രമാവും കശ്മീരില്‍ അവശേഷിക്കുകയെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post