കൊച്ചി: ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിര്‍മാണം നടത്തുന്നത് സംബന്ധിച്ചുളള യോഗങ്ങള്‍ക്ക് മിനിട്സ് ഇല്ലെന്ന് ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസ്. യൂണിടെക് എന്ന കമ്പനിക്ക് നിര്‍മാണക്കരാര്‍ നല്‍കിയത് റെഡ് ക്രസന്റ് ആണെന്നും യു.വി ജോസ് പറഞ്ഞു. എന്‍ഫോഴ്സ്മെന്റെ ഡയറക്ടറേറ്റ് ലൈഫ് മിഷനു നല്‍കിയ നോട്ടീസിന് മറുപടിയായി ആണ് സി.ഇ.ഒ ഇക്കാര്യം വ്യക്തമാക്കിയത്.
ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലുള്ള ധാരണാപത്രം വളരെ ദുര്‍ബലമാണെന്നുളള ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഈ കരാര്‍ ഒപ്പുവച്ച യോഗത്തിന്‍റെ മിനുട്സ് സൂക്ഷിച്ചിട്ടില്ലെന്നാണ് ലൈഫ് മിഷന്‍ സി.ഇ.ഒ പറയുന്നത്. കഴിഞ്ഞ മെയ് 12-നാണ് എന്‍ഫോഴ്സ്മെന്റ് മൂന്ന് ചോദ്യങ്ങളടങ്ങിയ നോട്ടീസ് ലൈഫ് മിഷന് നല്‍കുന്നത്. റെഡ് ക്രസന്‍റുമായി ഒപ്പുവച്ച കരാര്‍ എന്ത്? അതിന്‍റെ നിര്‍മാണക്കരാര്‍ അടക്കമുള്ള വിശദാംശങ്ങള്‍ എന്തെല്ലാം ? ഇതിന്‍റെ മിനിട്സ് നല്‍കാമോ ? എന്നീ കാര്യങ്ങള്‍ ആവശ്യപ്പെട്ടാണ് എന്‍ഫോഴ്സ്മെന്റ് നോട്ടീസ് നല്‍കിയത്.
ധാരണാപത്രത്തിന്‍റെ പകര്‍പ്പ് ലൈഫ് മിഷന്‍ നല്‍കിയിട്ടുണ്ട്. യൂണിടെക്കിന് കരാര്‍ നല്‍കിയത് റെഡ് ക്രസന്‍റ് നേരിട്ടാണ്. ഇതിന്‍റെ വിശദാംശങ്ങള്‍ സര്‍ക്കാരിന്‍റെ പക്കലില്ലെന്നാണ് സി.ഇ.ഒയുടെ വിശദീകരണം. ഒപ്പം കരാര്‍ ഒപ്പുവച്ച യോഗത്തിന്‍റെ മിനിട്സുമില്ലെന്നും ലൈഫ് മിഷന്‍ സി.ഇ.ഒ എന്‍ഫോഴ്സ്മെന്‍റിനെ അറിയിച്ചു.
സര്‍ക്കാര്‍ ഭൂമിയിലെ ഫ്ലാറ്റ് നിര്‍മാണത്തില്‍ സ്വപ്ന സുരേഷും ഈജിപ്ഷ്യന്‍ പൗരനുമെല്ലാം വളരെ വലിയ തുക കമ്മീഷനായി ലഭിച്ചു. സംഭവം സര്‍ക്കാരിന്റെ പിടിപ്പ് കേട് മൂലമാണെന്ന് തെളിയിക്കുന്ന ധാരണാപത്രം നേരത്തെ പുറത്തുവന്നിരുന്നു. പദ്ധതിയുടെ ഭാഗമായി ഫ്ലാറ്റും ആശുപത്രിയും പണിയാമെന്ന് ധാരണയുണ്ടാക്കിയെങ്കിലും തുടര്‍ക്കരാറുകള്‍ ഒന്നും ഒപ്പ് വച്ചിട്ടില്ല. യൂണിടെക്കിന് വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയതായും പറയുന്നില്ല. വിദേശസ്ഥാപനങ്ങളില്‍ നിന്നും പണം സ്വീകരിക്കുമ്പോള്‍ കൈക്കൊള്ളേണ്ട മാനദണ്ഡങ്ങള്‍ ഇവിടെ പാലിച്ചില്ലെന്നാണ് ധാരണാപത്രത്തില്‍ നിന്നും വ്യക്തമാകുന്നത്.
Discussion about this post