ആലപ്പുഴ : സംസ്ഥാനത്തെ ബിവറേജസ് കോര്പ്പറേഷന് വരുമാനം കൂപ്പുകുത്തി താഴേക്ക് വീണിരിക്കുകയാണ്. ഓണ്‍ലെെന്‍ മദ്യ വില്‍പ്പന വരുന്നതിന് മുമ്പായി ശരാശരി 35 കോടി രൂപ നിത്യവരുമാനമുണ്ടായിരുന്ന കോര്പ്പറേഷന് ഇപ്പോള്‍ ആറ്-ഏഴ് കോടിരൂപ മാത്രമാണ് വരുമാനം ലഭിക്കുന്നത്.
സംസ്ഥാനത്ത് 270 ഔട്ടുലെറ്റുകളാണ് ബിവറേജസ് കോര്‍പ്പറേഷനുള്ളത്. ഇതില്‍ 265 എണ്ണമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. മദ്യ വില്‍പ്പന വെബ് ക്യൂ ആപ്പ് വഴി ആയതോടെ ഇതില്‍ ഭൂരി ഭാഗവും നഷ്ടത്തിലായി. ശരാശരി 11 ലക്ഷം രൂപയുടെ വില്‍പ്പന നടന്നാല്‍ മാത്രമെ ഒരു ഷോപ്പ് ലാഭത്തിലാകും. എന്നാല്‍ സംസ്ഥാനത്തെ മിക്ക ഷോപ്പിലും വില്‍പ്പന രണ്ട് -മൂന്ന് ലക്ഷം രൂപയില്‍ താഴെ മാത്രമാണ് നടക്കുന്നത്.
വെബ് ക്യൂ ആപ്പ് വന്നതോടെ ഉപഭോക്താവിന് ഇഷ്ടമുള്ള കടയും സമയവും സാധനവും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നഷ്ടമായി. കേരളത്തില്‍ സര്‍ക്കാര്‍ ഔട്ടുലെറ്റുകളില്‍ നിന്നും മദ്യം വാങ്ങുന്നവരാകട്ടെ ഏറെയും സാധാരണക്കാരാണ്. അവരില്‍ പലര്‍ക്കും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാനറിയില്ല. ഇവര്‍ വൈകുന്നേരം ജോലി കഴിഞ്ഞുമടങ്ങുമ്പോഴാണ് മദ്യം വാങ്ങിയിരുന്നത്. ആപ്പ് വന്നതോടെ ആ പതിവും മുടങ്ങി.
അതേസമയം ആപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ പരിമിതിയുണ്ടെന്നും പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും ബിവറേജസ് കോര്പ്പറേഷന് എം.ഡി സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു.
Discussion about this post