ഡൽഹി: ജമ്മു കശ്മീരിലെ ആർ എസ് പുര, സാംബാ മേഖലകളിലെ സൈനിക കേന്ദ്രങ്ങളുടെ നേർക്ക് പാകിസ്ഥാൻ ഡ്രോൺ ആക്രമണങ്ങൾക്ക് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. അതിർത്തി രക്ഷാ സേനയുടെ അന്വേഷണ വിഭാഗമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിനെ തുടർന്ന് മേഖലയിൽ സൈന്യം സുരക്ഷ ശക്തമാക്കി.
ഡ്രോണുകളുടെ സഹായത്തോടെ ഇന്ത്യൻ അതിർത്തിയിലേക്ക് ആയുധങ്ങളും മയക്കുമരുന്നുകളും കടത്താനും പാക് ചാരസംഘടനയായ ഐ എസ് ഐ പദ്ധതിയിടുന്നതായി നേരത്തേ റിപ്പോർട്ട് ഉണ്ടായിരുന്നു. കശ്മീരിലെ കത്വ ജില്ലയ്ക്ക് സമീപം റൈഫിളും ഗ്രനേഡുകളുമായി പറന്ന ഒരു ഡ്രോൺ ജൂൺ 20ന് ബി എസ് എഫ് വെടിവെച്ച് വീഴ്ത്തിയിരുന്നു.
അതിർത്തി മേഖലകളിൽ ആയുധങ്ങൾ കടത്താൻ പാകിസ്ഥാൻ ഉപയോഗിച്ച ഒരു ഡ്രോൺ 2019ൽ പഞ്ചാബ് പൊലീസ് വെടിവെച്ച് വീഴ്ത്തിയിരുന്നു. അന്താരാഷ്ട്ര അതിർത്തിക്ക് സമീപം നിരവധി ഡ്രോണുകൾ ബി എസ് എഫും വെടിവെച്ചിട്ടിരുന്നു.
പാകിസ്ഥാനിൽ നിന്നും പഞ്ചാബിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച അഞ്ച് ഭീകരരെ കഴിഞ്ഞ ദിവസം ബി എസ് എഫ് വകവരുത്തിയിരുന്നു. ഇവരിൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. ഏറ്റുമുട്ടലിനിടെയാണ് നുഴഞ്ഞു കയറ്റക്കാർ കൊല്ലപ്പെട്ടതെന്ന് ബി എസ് എഫ് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.








