കൊൽക്കത്ത : ബിജെപി നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരിയെ പുകഴ്ത്തി സംസാരിച്ചെന്ന വാർത്തകളിൽ വിശദീകരണവുമായി ടിഎംസി എംപി മഹുവ മൊയ്ത്ര. തന്റെ അഭിമുഖത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ മാത്രം മാധ്യമങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയാണെന്ന് മഹുവ കുറ്റപ്പെടുത്തി. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് മഹുവ മൊയ്ത്ര തന്റെ രാഷ്ട്രീയ ജീവിതത്തിലെ വൈകാരികമായ ചില പഴയ കാര്യങ്ങൾ പങ്കുവെച്ചത്. മുൻപ് സുവേന്ദു അധികാരി ടിഎംസിയിൽ ആയിരുന്നപ്പോൾ തനിക്ക് നൽകിയ പിന്തുണയെക്കുറിച്ചാണ് മഹുവ സംസാരിച്ചത്.
”ഞാൻ രാഷ്ട്രീയത്തിൽ വൈകാരികതയ്ക്ക് പ്രാധാന്യം നൽകുന്ന ആളാണ്. പാർട്ടി എനിക്ക് കുടുംബം പോലെയാണ്. മുൻപ് ഒരേ പാർട്ടിയിൽ ആയിരുന്നപ്പോൾ സുവേന്ദു അധികാരി എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. 2014-ൽ ലോക്‌സഭാ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് ഞാൻ രാത്രി മുഴുവൻ കരഞ്ഞപ്പോൾ ‘വിഷമിക്കേണ്ട സഹോദരീ, ഞങ്ങളുണ്ട് കൂടെ’ എന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചത് സുവേന്ദുവാണ്.
കരിംപൂരിൽ ഞാൻ ആദ്യമായി മത്സരിച്ചപ്പോൾ പ്രമുഖ നേതാക്കളാരും പ്രചാരണത്തിന് വരാതിരുന്നിട്ടും എന്റെ ആദ്യ റാലിയിൽ പങ്കെടുക്കാൻ സുവേന്ദു എത്തിയിരുന്നു. അദ്ദേഹം ഇന്ന് മറ്റൊരു പാർട്ടിയിലാണ്, ഞങ്ങൾ തമ്മിൽ ഇപ്പോൾ സംസാരിക്കാറുമില്ല. എന്നാൽ പഴയ വ്യക്തിബന്ധങ്ങൾ അത്ര പെട്ടെന്ന് മറക്കാനാകില്ല,” എന്നായിരുന്നു മഹുവ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നത്. മഹുവയുടെ ഈ വാക്കുകൾ തൃണമൂൽ കോൺഗ്രസിൽ അനിഷ്ടം ഉണ്ടാക്കിയ സാഹചര്യത്തിലാണ് ഇപ്പോൾ വിശദീകരണവുമായി അവർ രംഗത്തെത്തിയത്.
വാർത്തകൾ മാധ്യമശ്രദ്ധ നേടാൻ വേണ്ടി മാത്രമുള്ളതാണെന്നും ‘എരിവും പുളിയും ഉള്ള ഭാഗങ്ങൾ മാത്രം’ തിരഞ്ഞെടുത്ത് വിവാദമുണ്ടാക്കരുതെന്നും മഹുവ എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെ വ്യക്തമാക്കി.
മുഴുവൻ അഭിമുഖവും കേൾക്കാതെയാണ് മാധ്യമങ്ങൾ വാർത്ത നൽകുന്നത്. സുവേന്ദു അധികാരി ഒരു ‘മാലാഖ’ ഒന്നുമല്ലെന്ന് എനിക്ക് കൃത്യമായി അറിയാം. അദ്ദേഹം ടിഎംസി വിട്ടതിന് ശേഷം ഇന്നുവരെ താൻ അദ്ദേഹത്തോട് സംസാരിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. പാർട്ടിയിൽ നിന്ന് ആനുകൂല്യങ്ങളെല്ലാം പറ്റിയിട്ട് ഇപ്പോൾ മമത ബാനർജിയെ വഞ്ചിക്കുന്ന വിമത നേതാക്കളെ തുറന്നുകാട്ടാനാണ് താൻ ശ്രമിച്ചത്. സായോനി ഘോഷ് ഉൾപ്പെടെയുള്ള യുവനേതാക്കൾ പാർട്ടി വിട്ടതിൽ തനിക്ക് അത്ഭുതമുണ്ടെന്നും മഹുവ വ്യക്തമാക്കി.








