തിരുവനന്തപുരം: ജനങ്ങളുടെ പ്രതിപക്ഷ നേതാവ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് ഒ.രാജഗോപാല്‍ എം.എല്‍.എ. ദേശവിരുദ്ധര്‍ക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് നടത്തിയ ഉപവാസ സമരവും എറണാകുളം ജില്ലയുടെ വെര്‍ച്വല്‍ റാലിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനം മുഴുവന്‍ യാത്ര ചെയ്ത് ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്ന നേതാവാണ് സുരേന്ദ്രന്. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കെതിരെ മുന്നില്‍ നിന്നും പോരാടുകയാണ് അദ്ദേഹം. യു.ഡി.എഫിന്റെ അഴിമതി ഭരണത്തിന് ശേഷം അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ തകര്‍ത്തു. സ്വര്‍ണ്ണം കടത്തുന്നത് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം എത്തിക്കാനാണെന്ന് ജനങ്ങള്‍ക്ക് മനസിലായി കഴിഞ്ഞു. അതുകൊണ്ടാണ് രാജ്യസ്നേഹികള്‍ മുഴുവന്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞതെന്നും രാജഗോപാല്‍ പറഞ്ഞു.
പിണറായി വിജയന് ഒട്ടകപക്ഷിയെ പോലെയാണെന്ന് മറുപടി പ്രസംഗത്തില്‍ കെ.സുരേന്ദ്രന് പറഞ്ഞു. തല മണ്ണില്‍ പൂഴ്ത്തി വെച്ചാല്‍ ആരും കാണില്ലെന്നാണ് ഒട്ടകപക്ഷി കരുതുന്നത്. അതുപോലെ അഴിമതി നടത്തി മിണ്ടാതിരുന്നാല്‍ ആര്‍ക്കും മനസിലാവില്ലെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. സ്വര്ണ്ണക്കടത്തിനെതിരായ സമരം പുരോഗമിക്കുമ്പോള്‍ യു.ഡി.എഫ് പിന്മാറും. അല്ലെങ്കില്‍ അവരുടെ പലമാന്യന്മാരുടേയും മുഖംമൂടി അഴിഞ്ഞുവീഴും. 10-15 വര്‍ഷങ്ങളായി കേരളത്തില്‍ സ്വര്‍ണ്ണക്കടത്ത് നടക്കുന്നുണ്ട്. അന്വേഷണം യു.ഡി.എഫിലെ പലരിലേക്കും എത്തും. ജനങ്ങള്‍ക്ക് ഇതറിയാവുന്നതു കൊണ്ടാണ് അവര്‍ ബി.ജെ.പിയെ മാത്രം ഉറ്റുനോക്കുന്നതെന്നും സുരേന്ദ്രന് വ്യക്തമാക്കി.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍, സംസ്ഥാന സെക്രട്ടറിമാരായ സി.ശിവന്‍കുട്ടി, കരമന ജയന്, ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, എറണാകുളം ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണന്, ജനറല്‍ സെക്രട്ടറി കെ.എസ് ഷൈജു എന്നിവര്‍ പങ്കെടുത്തു.
Discussion about this post