ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ തോത് വർദ്ധിക്കുന്നുവെങ്കിലും രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ മികച്ച മുന്നേറ്റം നേടി രാജ്യം. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 75.27 ശതമാനമായി ഉയർന്നതായി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം വ്യക്തമാക്കി.

2020 മാർച്ച് 25ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷമുള്ള ജാഗ്രതയും പ്രതിരോധ പ്രവർത്തനങ്ങളും ഫലം കണ്ടു. രാജ്യത്തെ കൊവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ ആകെ 31,06,348 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 23,38, 035 പേരും രോഗമുക്തരായി. നിലവിൽ രോഗം ബാധിച്ച് ചികിത്സയിൽ ഉള്ളത് 7,10,771 പേരാണ്. രാജ്യത്താകെ 57,542 പേർ കൊവിഡ് ബാധിച്ച് മരിച്ചു.
കഴിഞ്ഞ ദിവസം രാജ്യത്ത് 61,408 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചു. 836 പേർക്ക് മരണം സംഭവിച്ചു.
രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെയും രോഗമുക്തി നേടുന്നവരുടെയും എണ്ണത്തിൽ വലിയ വ്യതിയാനമാണ് വന്നു കൊണ്ടിരിക്കുന്നത്. രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിന്റെ മൂന്ന് മടങ്ങ് ആളുകളാണ് പ്രതിദിനം രോഗമുക്തരാകുന്നത്. ഇത് തീർച്ചയായും ശുഭലക്ഷണമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും വിശദീകരിക്കുന്നു.












