ന്യൂഡൽഹി : 55,000 കോടി രൂപയുടെ 6 അന്തർവാഹിനികൾ നിർമിക്കാനുള്ള പദ്ധതിക്ക് അടുത്ത മാസം ഇന്ത്യ തുടക്കം കുറിക്കും.ചൈനയുടെ നാവിക മേൽക്കോയ്മയ്ക്ക് കിടപിടിക്കാനായാണ് ഇന്ത്യൻ നാവിക സേന അന്തർവാഹിനികൾ നിർമിക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്.മുൻനിര വിദേശ കമ്പനികളുടെ പങ്കാളിത്തത്തോടെ തദ്ദേശീയമായായിരിക്കും അന്തർവാഹിനികൾ നിർമിക്കുക.പി -75 ഐ കൽവരി ക്ലാസിലുള്ള അന്തർവാഹിനികൾ നിർമിക്കാനുള്ള ഈ പദ്ധതിയുടെ ടെൻഡർ അടുത്ത മാസം പുറപ്പെടുവിക്കും.
പി -75 ഐ പദ്ധതിക്കായി പ്രതിരോധ വകുപ്പിന് കീഴിലുള്ള മസഗോൺ ഡോക്ക്സ് ലിമിറ്റഡ്, എൽ ആൻഡ് ടി ഗ്രൂപ്പ് എന്നീ കമ്പനികളെയായിരിക്കും പരിഗണിക്കുക.6 ന്യുക്ലിയർ അന്തർവാഹിനികൾ ഉൾപ്പെടെ 24 പുതിയ അന്തർവാഹിനികൾ നിർമ്മിക്കാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്.നിലവിൽ ഇന്ത്യൻ നാവികസേനയുടെ കൈവശമുള്ളത് 15 കൺവെൻഷണൽ അന്തർവാഹിനികളും രണ്ട് ന്യൂക്ലിയർ അന്തർവാഹിനികളുമാണ്.












