ഡൽഹി: അതിർത്തിയിൽ പ്രകോപനം തുടരുന്ന ചൈനക്ക് സമസ്ത മേഖലകളിലും തിരിച്ചടി നൽകാനൊരുങ്ങി ഇന്ത്യ. അയൽ രാജ്യങ്ങളായ ബംഗ്ലാദേശും തായ്ലൻഡും മലേഷ്യയും ചൈനയുമായുള്ള സുപ്രധാന കരാറുകളിൽ നിന്ന് പിന്മാറാനൊരുങ്ങുന്നതായി റിപ്പോർട്ട്.
സിവിലിയൻ- പ്രതിരോധ മേഖലകളിലേക്കായി ചൈനീസ് നിർമ്മിത കപ്പലുകൾ വാങ്ങാനുള്ള തീരുമാനം പുനപരിശോധിക്കാൻ ഈ രാജ്യങ്ങൾ ഒരുങ്ങുന്നതായാണ് വിവരം. കൊവിഡ് ബാധ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി പറയുന്നതെങ്കിലും നയതന്ത്ര രംഗത്തെ ഇന്ത്യൻ തന്ത്രത്തിന്റെ ഭാഗമാണ് ഇവരുടെ പിന്മാറ്റത്തിന് കാരണമെന്നാണ് വിലയിരുത്തൽ.
ചൈനയുമായുള്ള കരാറിൽ നിന്ന് പിന്മാറുന്നതിനോടൊപ്പം ഇന്ത്യയുമായി പുതിയ കരാറുകളിൽ ഒപ്പിടാനും ഈ രാജ്യങ്ങൾ തയ്യാറെടുക്കുന്നതായാണ് സൂചന. തെക്ക് കിഴക്കൻ ഏഷ്യയിലെ വിവിധ രാജ്യങ്ങളിൽ തുറമുഖങ്ങളിലെ നിക്ഷേപത്തിലൂടെയും നാവിക യാനങ്ങളുടെ വിതരണത്തിലൂടെയും കപ്പൽ നിർമ്മാണങ്ങളിലൂടെയും ഇന്ത്യക്ക് വെല്ലുവിളി ഉയർത്താൻ ശ്രമിച്ചു പോരുന്ന ചൈനക്ക് കനത്ത തിരിച്ചടിയാണ് അയൽ രാജ്യങ്ങളുടെ ഈ പിന്മാറ്റം.
ചൈനീസ് കപ്പൽ നിർമ്മാണ കമ്പനികൾക്ക് ഈ വർഷം ഇതു വരെ ലഭിച്ചിരിക്കുന്ന ഓർഡറുകളിൽ ശരാശരി 5.6 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബംഗ്ലാദേശുമായും മലേഷ്യയുമായുമുള്ള കരാറുകൾ റദ്ദാക്കുന്നതിലൂടെ മാത്രം 800 ദശലക്ഷം യുവാന്റെ നഷ്ടമാണ് ചൈനയെ കാത്തിരിക്കുന്നത്.
തൊണ്ണൂറുകൾക്ക് ശേഷം ഏഷ്യയിലെ നിർണ്ണായക സ്വാധീന ശക്തിയായി ഉയർന്ന് വരാൻ ചൈനയെ സഹായിച്ച പ്രധാന വരുമാന സ്രോതസ്സാണ് കപ്പൽ വ്യവസായം. ഇതിന്റെ കടവേരറുക്കുന്ന പദ്ധതിയാണ് നയതന്ത്ര നീക്കങ്ങളിലൂടെ ഇന്ത്യ നടത്തുന്നത്. അമേരിക്കയുമായുള്ള വ്യാപാര യുദ്ധവും ചൈനീസ് ആപ്പുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും എതിരായി ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകളും ചൈനയെ ശരിക്കും സാമ്പത്തികമായി ഒറ്റപ്പെടുത്തുന്നതാണെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കട്ടുന്നു.









