ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം നടക്കുന്ന ഐക്യരാഷ്ട്ര പൊതുസഭയുടെ 75-ാമത് സമ്മേളനത്തിൽ പ്രസംഗിക്കും.വീഡിയോ കോൺഫറൻസിംഗിലൂടെയായിരിക്കും പ്രധാനമന്ത്രി അഭിസംബോധന ചെയ്യുക.
സപ്തംബർ 22 മുതൽ 29 വരെയാണ് ഐക്യരാഷ്ട്ര സഭയുടെ എഴുപത്തി അഞ്ചാമത് സമ്മേളനം നടക്കുക.പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 26ന് രാവിലെ സെഷനിൽ പ്രസംഗിക്കുമെന്നാണ് സൂചന.
ഐക്യരാഷ്ട്രസഭയുടെ 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് വാർഷിക പൊതു അസംബ്ലി സെഷൻ വെർച്വൽ ആയി നടക്കുന്നത്.കൊറോണ വൈറസ് ബാധിച്ച രാജ്യ തലവൻമാർ സെഷനായി മുൻകൂട്ടി റെക്കോർഡ് ചെയ്‌ത വീഡിയോ സ്റ്റേറ്റ്‌മെന്റുകൾ കൈമാറും.പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സെപ്റ്റംബർ 26 രാവിലെ പൊതുചർച്ചയെ അഭിസംബോധന ചെയ്യാൻ കഴിയും.പൊതു ചർച്ച സെപ്റ്റംബർ 22 ന് ആരംഭിച്ച് സെപ്റ്റംബർ 29 വരെ തുടരും.പട്ടിക പ്രകാരം ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയാണ് ആദ്യത്തെ പ്രഭാഷകൻ.പൊതു ചർച്ചയുടെ ആദ്യ ദിവസം രണ്ടാമത്തെ പ്രഭാഷകനായി, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എത്തും.
തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗാൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവർ ആദ്യ ദിവസത്തെ ഡിജിറ്റൽ ചർച്ചയെ അഭിസംബോധന ചെയ്യും.








