ലഡാക്ക്: കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ ചൈനയുമായി സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നിരീക്ഷണവും സുരക്ഷയും ശക്തമാക്കി ഇന്ത്യ. യഥാർത്ഥ നിയന്ത്രണ രേഖക്ക് മറുവശത്തെ ചൈനീസ് നീക്കങ്ങൾ നിരീക്ഷിക്കുന്നതിന് കരസേനക്കൊപ്പം ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിനെയും വിന്യസിച്ചു.
കിഴക്കൻ ലഡാക്കിലെ നിർണ്ണായക മേഖലകളിൽ പലയിടങ്ങളിലായി ഐ ടി ബി പിയുടെ 5000 ഭടന്മാരെയാണ് വിന്യസിച്ചിരിക്കുന്നത്. യഥാർത്ഥ നിയന്ത്രണ രേഖക്ക് സമീപം അടുത്തയിടെ ചൈന നടത്തിയ കടന്നുകയറ്റം ഫലപ്രദമായി ചെറുത്ത് തോൽപ്പിക്കാൻ സാധിച്ചതിൽ ഐ ടി ബി പിയുടെ സേവനം ശ്രദ്ധേയമായിരുന്നു.
പാംഗോംഗ് സോ തടാകത്തിന്റെ കിഴക്കൻ മേഖലകളിലെ ഉയർന്ന പ്രദേശങ്ങൾ ലക്ഷ്യമാക്കി കരസേന നീങ്ങിയപ്പോൾ കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖക്ക് മറുവശത്തെ ചൈനീസ് നീക്കങ്ങളെ കൃത്യമായി പ്രതിരോധിക്കാൻ മുപ്പതോളം വരുന്ന ഐ ടി ബി പി ഭടമാരെ ബ്ലാക് ടോപ്പ് മേഖലക്ക് സമീപത്തെ പോസ്റ്റുകളിൽ ഇന്ത്യ വിന്യസിച്ചിരുന്നു.
നിലവിൽ ഫുർചുക് ലാ ചുരത്തിലെ ഉയർന്ന മേഖലകളിൽ ഐ ടി ബി പി ഭടന്മാർ നിയന്ത്രണം ഏറ്റെടുത്തു കഴിഞ്ഞു. ഫിംഗർ 2നും ഫിംഗർ 3നും സമീപത്തെ ധൻ സിംഗ് പോസ്റ്റ് വരെ മാത്രമേ നേരത്തെ ഐ ടി ബി പി സാന്നിദ്ധ്യം ഉണ്ടായിരുന്നുള്ളൂ. എന്നാൽ കൂടുതൽ മേഖലകളിലേക്ക് ഐ ടി ബി പി ഭടന്മാരെ വിന്യസിക്കാൻ തയ്യ്യാറെടുക്കുന്നതായാണ് വിവരം.
കിഴക്കൻ ലഡാക്കിലെ നിർണ്ണായക മേഖലകളിലും പാംഗോംഗ് സോ തടാകത്തിന് സമീപത്തെ സംഘർഷ മേഖലകളിലും ഐ ടി ബി പി പ്രകടിപ്പിച്ച അസാമാന്യ ധീരതയും കർമ്മശേഷിയും ഇന്ത്യക്ക് മികച്ച അടിത്തറ നൽകുമ്പോൾ ചൈനയുടെ തന്ത്രങ്ങൾ അമ്പേ പരാജയപ്പെടുകയാണ്.
അതേസമയം ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് മേധാവി എസ് എസ് ദേശ്വാൾ നിയന്ത്രണ രേഖക്ക് സമീപം ആറ് ദിവസം തങ്ങി സേനയുടെ തയ്യാറെടുപ്പുകൾ പരിശോധിച്ചിരുന്നു. ലഡാക്കിന് സമീപത്തെ ദൗലത്ത് ബേഗ് ഓൾഡി ഉൾപ്പെടെയുള്ള നിർണ്ണായക മേഖലകളിൽ നേരിട്ട് സന്ദർശനം നടത്തി അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
അതിർത്തി പോസ്റ്റുകൾക്കിടയിലൂടെയുള്ള ഗതാഗതം സുഗമമാക്കുന്നതിന് കൂടുതൽ സൈനിക വാഹനങ്ങൾ അദ്ദേഹം സേനക്ക് വാഗ്ദാനം ചെയ്തിരുന്നു. സേനാ നീക്കം ശക്തമാക്കുന്നതിന് അടിയന്തരമായി മേഖലയിൽ പാതകൾ നിർമ്മിക്കാനും ഐ ടി ബി പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കരസേന, ഐ ടി ബി പി, എസ് എഫ് എഫ് എന്നീ വിഭാഗങ്ങൾ സംയുക്തമായാണ് നിലവിൽ ദക്ഷിണ ദിക്കിലെ ചൈനീസ് ആർമി പോസ്റ്റ് നമ്പർ 42830നും പടിഞ്ഞാറൻ അതിർത്തിയിലെ ചൂട്ടി ചാമ്ലയ്ക്കും ഇടയിലെ ഉയർന്ന പോസ്റ്റുകൾക്ക് സംരക്ഷണം ഒരുക്കുന്നത്. ഹെൽമെറ്റ് ടോപ്, ബ്ലാക്ക് ടോപ്, യെല്ലോ ബമ്പ് എന്നീ നിർണ്ണായക സ്വാധീന മേഖലകൾ അടങ്ങുന്ന പ്രദേശങ്ങൾ ഇതിൽ ഉൾപ്പെടും.
ചുശൂൽ, ടാറ അതിർത്തി പോസ്റ്റുകൾക്ക് സമീപം നിലവിൽ ഐ ടി ബി പിക്ക് നല്ല അംഗസംഖ്യയുണ്ട്. ഇവിടെ മുപ്പത്തിയൊൻപതോളം സ്ഥിരം പ്രതിരോധ പോസ്റ്റുകളിൽ ഐ ടി ബി പി സാന്നിദ്ധ്യമുണ്ട്. ഇനിയും ആവശ്യമുണ്ടെങ്കിൽ ചണ്ഡീഗഢിൽ നിന്നും കൂടുതൽ സൈനികരെ എത്തിക്കാനുള്ള സംവിധാനവും ഐ ടി ബി പിക്ക് ഉണ്ട്.
ഇന്ത്യ ചൈന അതിർത്തിയിൽ ലഡാക്കിലെ കാറക്കോറം ചുരം മുതൽ അരുണാചൽ പ്രദേശിലെ ജാചെപ് ലാ വരെയുള്ള 3488 കിലോമീറ്ററിൽ സുരക്ഷാ ചുമതലയിൽ ഏർപ്പെട്ടിരിക്കുന്ന പ്രത്യേക പരിശീലനം നേടിയ വിഭാഗമാണ് ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ്.
അതേസമയം യഥാർത്ഥ നിയന്ത്രണ രേഖക്ക് സമീപത്തെ കിഴക്കൻ ലഡാക്കിലെ ചുശൂൽ മേഖലയിലെ പാംഗോംഗ് സോ തടാകത്തിന്റെ തീരങ്ങളിലെ നിർണ്ണായക പ്രദേശങ്ങളുടെ നിയന്ത്രണം ഇന്ത്യൻ സേനകൾ ഏറ്റെടുത്തു കഴിഞ്ഞു. ഇന്ത്യൻ പ്രദേശങ്ങളിലേക്ക് കടന്നു കയറാനുള്ള ചൈനയുടെ ശ്രമങ്ങൾ ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ പ്രതിരോധത്തിനു മുന്നിൽ പരാജയപ്പെട്ടിരുന്നു.
പാംഗോംഗ് തടാകത്തിന്റെ ദക്ഷിണ ഭാഗത്തിനും സ്പാംഗർ തടാകത്തിനും ഇടയിലുള്ള തന്ത്രപ്രധാന മേഖലകളുടെ നിയന്ത്രണം ഓഗസ്റ്റ് മുപ്പതിന് എസ് എഫ് എഫിന്റെ പിന്തുണയോടെ ഇന്ത്യൻ സൈന്യം പിടിച്ചെടുത്തിരുന്നു. പാംഗോഗ് സോയുടെ കിഴക്കൻ തീരം മുതൽ സ്പാംഗർ സോയിലെ ചുശൂൽ റെസാംഗ് ലാ വരെയുള്ള അതിപ്രധാന പോസ്റ്റുകളെ ബന്ധിപ്പിക്കുന്ന മേഖലകളുടെ നിയന്ത്രണവും ഇന്ത്യൻ സേന ഏറ്റെടുത്തിരുന്നു.
സ്പാംഗർ ചുരത്തിന് അഭിമുഖമായുള്ള ചൈനയുടെ മോൾഡോ ഗാരിസൺ, സ്പാംഗർ മേഖല എന്നിവിടങ്ങളിലെ സുപ്രധാന പ്രദേശങ്ങൾ ഇന്ത്യക്കും തന്ത്രപ്രധാനമാണ്. ഇവിടങ്ങളിലെ നിരീക്ഷണവും സേനാ വിന്യാസവും ശക്തമാക്കി ചൈനയുടെ കടന്നുകയറ്റങ്ങളെ അതേ നാണയത്തിൽ തകർക്കാൻ സദാ സജ്ജമായിരിക്കുകയാണ് ഇന്ത്യയുടെ സൈനീക- അർദ്ധസൈനീക വിഭാഗങ്ങൾ.
Discussion about this post