ബീജിംഗ്: ലഡാക്കിലെ സംഘർഷങ്ങളിൽ ഇന്ത്യയിൽ നിന്ന് കനത്ത തിരിച്ചടി ഏൽക്കേണ്ടി വന്ന ചൈന പുതിയ തന്ത്രവുമായി രംഗത്ത്. വയനാട് എം പി രാഹുൽ ഗാന്ധിയെ പ്രശംസിച്ച് ലേഖനം എഴുതിയിരിക്കുകയാണ് ചൈനീസ് മുഖ്യധാരാ പത്രമായ ഗ്ലോബൽ ടൈംസ്. ഇന്ത്യാ ഗവണ്മെന്റിനെതിരെ കോൺഗ്രസ്സ് ഉന്നയിച്ച ആരോപണങ്ങൾ ഏറ്റു പറഞ്ഞാണ് ചൈനീസ് മാദ്ധ്യമം രംഗത്ത് വന്നിരിക്കുന്നത്.
ഉഭയകക്ഷി കരാർ ലംഘിച്ച ചൈനയുടെ നടപടിയിൽ മോസ്കോയിൽ വെച്ച് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് ചൈനയെ നേരിട്ട് പ്രതിഷേധം അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചൈനയുടെ രാഹുൽ സ്തുതി എന്നതും ശ്രദ്ധേയമാണ്. അതിർത്തി വിഷയത്തിൽ ചൈനീസ് സർക്കാരിനേക്കാൾ ആഭ്യന്തര സമ്മർദ്ദം മോദി സർക്കാർ അനുഭവിക്കുന്നുവെന്നും പത്രം ആരോപിക്കുന്നു.
അതിർത്തി വിഷയത്തിൽ ശക്തമായ നിലപാടുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുമ്പോഴാണ് രാഹുലിന്റെ വാക്കുകൾ ഇന്ത്യക്കെതിരെ ചൈന ആയുധമാക്കുന്നത്. മോദി സർക്കാരിന്റെ ആഭ്യന്തര ഭരണ പരാജയവും വികലമായ വിദേശ നയവും കോൺഗ്രസ്സിനെ അസ്വസ്ഥമാക്കുന്നുവെന്നും ഗ്ലോബൽ ടൈംസ് ആരോപിക്കുന്നു.
ഇന്ത്യക്കെതിരെ അതിർത്തിയിൽ പരാജയപ്പെടുമ്പോൾ ആഗോള തലത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ചൈന കോൺഗ്രസ്സിനെ കൂട്ടുപിടിക്കുന്നത്. അതിർത്തി വിഷയത്തിൽ ചൈനാ വിരുദ്ധമായി മോദി സർക്കാർ എന്തെങ്കിലും പ്രവർത്തിച്ചാൽ കോൺഗ്രസ്സ് അത് അവസരമാക്കി അധികാരം പിടിച്ചെടുക്കുമെന്നും ചൈനീസ് പത്രം പകൽക്കിനാവ് കാണുന്നു.
കൊവിഡ് വ്യാപനവും തുടർന്നുണ്ടായ ലോക്ക്ഡൗണും ഇന്ത്യയെ തകർത്തിരിക്കുകയാണെന്നും ചൈനയോട് എതിർത്തു നിൽക്കാൻ നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്ക് സാധിക്കില്ലെന്നും ചൈനീസ് പത്രമായ ഗ്ലോബൽ ടൈംസ് ലേഖനത്തിൽ വ്യക്തമാക്കുന്നു. എന്നാൽ ലഡാക്ക് വിഷയത്തിൽ ഇന്ത്യക്കുള്ള മേൽക്കൈയ്യും സംഘർഷങ്ങളെ അതിജീവിച്ച് ഇന്ത്യ നേടിയ വിജയവും ചൈനീസ് പത്രം ബോധപൂർവ്വം മറയ്ക്കുന്നു.
നേരായ മാർഗ്ഗത്തിൽ ഏറ്റുമുട്ടി പരാജയപ്പെടുമ്പോൾ കമ്മ്യൂണിസ്റ്റ് മാദ്ധ്യമങ്ങൾ പിന്തുടരുന്ന പതിവ് നാടകമാണ് ചൈനീസ് മുഖപത്രമായ ഗ്ലോബൽ ടൈംസും പിന്തുടരുന്നത് എന്നാണ് വിലയിരുത്തൽ. ഇന്ത്യ സാമ്പത്തികമായി തകർന്നിരിക്കുകയാണെന്നും കോൺഗ്രസ്സിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ കഴിയൂ എന്നുമുള്ള രാഹുൽ ഗാന്ധിയുടെ അതേ വാചകങ്ങൾ തന്നെയാണ് ചൈനീസ് മാദ്ധ്യമങ്ങളും ഏറ്റുപറയുന്നത് എന്നതാണ് ഏറ്റവും അപമാനകരമായ വസ്തുത.
ലേഖനം പുറത്തു വന്നതോടെ ചൈനയെയും രാഹുൽ ഗാന്ധിയെയും നിശിതമായി വിമർശിച്ച് ബിജെപി രംഗത്തെത്തി. രാജ്യദ്രോഹപരമായ നിലപാടുകൾ സ്വീകരിക്കുന്ന കോണ്‍ഗ്രസിനും നെഹ്‌റു കുടുംബത്തിനും ചൈനയില്‍ നിന്നും ലഭിക്കുന്ന പുരസ്കാരമാണ് ഈ ലേഖനമെന്ന് ബിജെപി വക്താവ് സംബിത് പത്ര വ്യക്തമാക്കി. രാജ്യത്തിന്റെ ശത്രുക്കൾ ദേശീയതയ്ക്കെതിരെ എപ്പോഴും കോൺഗ്രസ്സിനെയാണ് കൂടെക്കൂട്ടുന്നത്. ഇന്ത്യൻ സൈന്യത്തിന്റെയും സർക്കാരിന്റെയും നിശ്ചയദാർഢ്യത്തിന് മുന്നിൽ പതറിയ ചൈനയുടെ ഭയമാണ് ഗ്ലോബൽ ടൈംസിലൂടെ പുറത്തു വന്നിരിക്കുന്നതെന്നും സംബിത് പത്ര പരിഹസിച്ചു.
രാജ്യത്തിന്റെ ശത്രുക്കൾ തമ്മിലുള്ള രഹസ്യബന്ധം ഇതോടെ വെളിച്ചത്തായിരിക്കുകയാണ്. പാകിസ്ഥാനും ചൈനക്കും എന്നും കോൺഗ്രസ്സിനെയാണ് പ്രിയം. കശ്മീരിൽ ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞ സമയത്തെ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ ഐക്യരാഷ്ട്ര സഭയിൽ പാകിസ്ഥാൻ ഇന്ത്യക്കെതിരെ ഉദ്ധരിച്ചതും സംബിത് പത്ര ഓർമ്മിപ്പിച്ചു. നേരത്തെ പാകിസ്ഥാന്റെ ഹീറോ ആയിരുന്നു രാഹുൽ. എന്നാൽ ഇപ്പോൾ അദേഹം ചൈനയുടെയും ഹീറോ ആയിരിക്കുകയാണ്.അതിന് ആശംസകൾ അറിയിക്കുകയാണെന്നും സംബിത് പത്ര അറിയിച്ചു.












