കണ്ണൂര്‍ : വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടാകുന്ന കനത്ത പരാജയം മുന്നില്‍കണ്ടാണു സിപിഎം സംസ്ഥാനമെങ്ങും അക്രമം അഴിച്ചുവിടുന്നതെന്നു ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. സിപിഎമ്മില്‍ നിന്ന് അണികള്‍ വ്യാപകമായി കൊഴിഞ്ഞു പോകുന്നതാണ് ഏകപക്ഷീയമായ ഈ അക്രമങ്ങള്‍ക്കു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റിലുണ്ടായ സിപിഎം-കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് കേരളത്തിലും തുടരുന്നുണ്ട്. അതുകൊണ്ടാണ് വ്യാപകമായ അക്രമസംഭവങ്ങളുണ്ടായിട്ടും പൊലീസും അധികാരികളും നിഷ്ക്രിയരായി നില്‍ക്കുന്നത് എന്ന് കൃഷ്ണദാസ് പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎമ്മില്‍ നിന്നുണ്ടാകുന്ന വോട്ട് ചോര്‍ച്ച ബിജെപിയിലെത്താതെ കോണ്‍ഗ്രസിലേക്കു വഴിതിരിച്ചു വിടാനാണ് ഇരുമുന്നണികളുടെയും ശ്രമം. സിപിഎമ്മിന്റെ അക്രമങ്ങള്‍ക്കെതിരെ ജനാധിപത്യ രീതിയില്‍ പ്രതികരിക്കാനാണു ബിജെപിയുടെ തീരുമാനം. ബിജെപിയുടെ ഭാഗത്തു നിന്ന് അക്രമസംഭവങ്ങള്‍ ഉണ്ടാകില്ല. അധികാരികള്‍ നടത്തുന്ന സമാധാന ശ്രമങ്ങളില്‍ പൂര്‍ണമായും സഹകരിക്കും. സിപിഎം അഴിച്ചുവിടുന്ന അക്രമങ്ങള്‍ ബിജെപി ദേശീയ നേതാക്കളെ ബോധ്യപ്പെടുത്തുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി.
ബിജെപി സംഘടിപ്പിക്കുന്ന പ്രതിഷേധ യോഗങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി എംപിമാര്‍ പങ്കെടുക്കുമെന്നും പി.കെ. കൃഷ്ണദാസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
Discussion about this post