ന്യൂഡൽഹി : സ്വനിധി സംവാദിന്റെ ഭാഗമായി മധ്യപ്രദേശിലെ വഴിയോര കച്ചവടക്കാരുമായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗം ചേരും.വഴിയോര കച്ചവടക്കാരായ മൂന്നുപേരാണ് 11 മണിക്ക് ചേരുന്ന വിർച്വൽ യോഗത്തിൽ പ്രധാനമന്ത്രിയുമായി സംവദിക്കുക.കോവിഡ് മഹാമാരിയെ തുടർന്ന് ദുരിതത്തിലായ വഴിയോര കച്ചവടക്കാരെ പിന്തുണയ്ക്കുന്നതിനായി ഈ വർഷം ജൂൺ-1 ന് പുറത്തിറക്കിയ പദ്ധതിയാണ് ‘പിഎം സ്വനിധി’.
പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട കണക്കുകളനുസരിച്ച് മധ്യപ്രദേശിൽ നിന്നുമാത്രം 4.5 ലക്ഷം പേരാണ് ‘പിഎം സ്വനിധി’ യുടെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആകെ രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽ 47 ശതമാനം പേരും മധ്യപ്രദേശിൽ നിന്നുള്ളവരാണ്. ഇതിനോടകം തന്നെ അർഹരായ 2.45 ലക്ഷം വഴിയോര കച്ചവടക്കാരുടെ വിവരങ്ങൾ പോർട്ടൽ വഴി ബാങ്കുകളിലേക്കെത്തിക്കുകയും ഇതിലെ 1.4 ലക്ഷം പേർക്ക് 140 കോടി രൂപയുടെ സഹായം കേന്ദ്രം നൽകുകയും ചെയ്തിട്ടുണ്ട്.








