ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യക്ക് മുന്നിലുള്ളത് കൂറ്റൻ ലക്‌ഷ്യം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ 7 വ വിക്കറ്റ് നഷ്ടത്തിൽ 259 റൺസിന്റെ വലിയ വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിൽ ഉയർത്തിയിരിക്കുന്നത്. ഗ്ലെൻ ഫിലിപ്സിന്റെ തകർപ്പൻ സെഞ്ചുറിയും (107) മൈക്കൽ ബ്രേസ്വെല്ലിന്റെ വെടിക്കെട്ട് അർദ്ധസെഞ്ചുറിയുമാണ് (65) കിവീസ് സ്കോർ 250 കടത്തിയത്. ഇന്ത്യക്കായി മായങ്ക് യാദവ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും കിവീസ് ബാറ്റർമാർ ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിക്കുകയായിരുന്നു.
ഈ മത്സരത്തിനിടെ ഒരു മോശം റെക്കോർഡും പിറന്നു. ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന ഇന്ത്യൻ ബൗളറുടെ പട്ടികയിൽ നിതീഷ് റെഡ്ഡിയും ഇടംനേടി. മത്സരത്തിൽ ഒരു ഓവറിൽ 32 റൺസാണ് നിതീഷ് റെഡ്ഡി വഴങ്ങിയത്. 2020-ൽ ന്യൂസിലൻഡിനെതിരെ ശിവം ദുബെ 34 റൺസ് വഴങ്ങിയതാണ് ഈ പട്ടികയിൽ ഒന്നാമതുള്ളത്.
2016-ൽ വെസ്റ്റ് ഇൻഡീസിനെതിരെ സ്റ്റുവർട്ട് ബിന്നി 32 റൺസ് വഴങ്ങിയതായിരുന്നു ഇതുവരെയുള്ള രണ്ടാം സ്ഥാനം. ഇന്നത്തെ മത്സരത്തിൽ 32 റൺസ് വഴങ്ങിയതിലൂടെ നിതീഷ് റെഡ്ഡിയും സ്റ്റുവർട്ട് ബിന്നിക്കൊപ്പം ഈ അനഭിലഷണീയ റെക്കോർഡിൽ പങ്കാളിയായി. ഈ വർഷം ഇംഗ്ലണ്ടിനെതിരെ 29 റൺസ് വഴങ്ങിയ രവി ബിഷ്ണോയ് ആണ് ഇതിന് തൊട്ടുപിന്നിലുള്ളത്. മത്സരത്തിൽ ആകെ 4 ഓവറിൽ നിന്നായി 64 റൺസാണ് നിതീഷ് വഴങ്ങിയത്.
260 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് വിജയിക്കാൻ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനം തന്നെ കാഴ്ചവെക്കേണ്ടതുണ്ട്.












