മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘L368’-ന്റെ പൂജാ ചടങ്ങുകൾ കൊച്ചിയിൽ നടന്നു. ചടങ്ങിൽ മോഹൻലാൽ, മുകേഷ്, ആന്റണി പെരുമ്പാവൂർ, സംഗീത് പ്രതാപ്, ടൊവിനോ തോമസ്, ആന്റണി വർഗീസ് പെപ്പെ, സത്യൻ അന്തിക്കാട് തുടങ്ങി ചലച്ചിത്ര രംഗത്തെ പ്രമുഖർ പങ്കെടുത്തു. ചിത്രത്തിന്റെ ഷൂട്ടിങ് നവംബർ ആദ്യവാരം ആരംഭിക്കുമെന്നും തൊടുപുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലായിരിക്കും ആദ്യ ഷെഡ്യൂൾ ചിത്രീകരിക്കുന്നതെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
2027 ലെ വിഷു റിലീസായാണ് ചിത്രം ലക്ഷ്യമിടുന്നത്. അനൂപ് സത്യൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും എഡിറ്റിങ്ങും നിർവഹിക്കുന്നത്. ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഷെഹ്നാദ് ജലാലാണ്. മോഹൻലാലിനെ നായകനാക്കി ഒരു കോമഡി ത്രില്ലർ ആക്ഷൻ ചിത്രമാണ് താൻ ഒരുക്കുന്നതെന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. നവംബറിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ സിനിമയുടെ നിർമാണം ബിജു ജോർജ് അലക്സാണ്ടറും ആന്റണി പെരുമ്പാവൂരും ചേർന്നാണ്. ‘
വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അനൂപ് സത്യന്റെ ഈ പുതിയ സിനിമയുടെ പേരും മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അണിയറ പ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം, തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ‘അതിമനോഹരം’ എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചിത്രത്തിൽ എസ്.ഐ. ലൗലജൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. രതീഷ് രവി തിരക്കഥയൊരുക്കുന്ന ഈ ചിത്രം ആഷിഖ് ഉസ്മാനാണ് നിർമ്മിക്കുന്നത്. ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.









