തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് മഹിളാ മോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് പൊലീസിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. വനിതാ കരുത്ത് പ്രഖ്യാപിക്കുന്ന പ്രതിഷേധത്തിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധത്തിനു നേർക്ക് പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രവർത്തകർക്ക് പരിക്കേറ്റു. തലസ്ഥാനത്തിന്റെ ഹൃദയരേഖയായ എം ജി റോഡ് പ്രവർത്തകർ ഉപരോധിച്ചു.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ നയതന്ത്ര ബാഗേജ് വഴി ഖുറാൻ കടത്തിയ സംഭവത്തിൽ മന്ത്രി കെ ടി ജലീലിനെ കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു. ജലീൽ രാജി വെക്കാത്ത പക്ഷം അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കും കേസിൽ പങ്കുണ്ടെന്നും മന്ത്രിസഭ തന്നെ രാജിവെക്കേണ്ടതാണെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു.
ജലീലിന്റെ രാജി ആവശ്യപ്പെട്ട് എ ബി വി പി കഴിഞ്ഞ ദിവസം മന്ത്രിയുടെ വസതിക്ക് മുന്നിൽ നടത്തിയ സമരത്തിന് നേർക്ക് പൊലീസ് നടത്തിയ അതിക്രമത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. സംഭവത്തെ എബിവിപി ശക്തമായി അപലപിച്ചിരുന്നു.
ഇന്ന് മഹിളാ മോർച്ച നടത്തിയ പ്രതിഷേധം സമീപകാലത്ത് സംസ്ഥാനം കണ്ട ഏറ്റവും വലിയ സ്ത്രീ മുന്നേറ്റമായി. ആവേശഭരിതരായ പ്രവർത്തകർ നിരവധി തവണ ബാരിക്കേഡുകൾ മറികടന്നു. മാർച്ചിൽ ജില്ലാ- സംസ്ഥാന നേതാക്കളുൾപ്പെടെ പങ്കെടുത്തു. കെ ടി ജലീൽ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ജില്ലാ ആസ്ഥാനങ്ങളിലും ഇന്ന് മഹിളാ മോർച്ച പ്രതിഷേധ പ്രകടനം നടത്തി.
Discussion about this post