റായ്പൂര്‍ : ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം നിര്‍ത്തലാക്കണമെന്ന് ആര്‍എസ്എസ് ചിന്തകന്‍ എം.ജി. വൈദ്യ. പട്ടിക ജാതി, പട്ടിക വിഭാഗം, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ തുടങ്ങിയവയ്ക്ക് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നല്‍കിവരുന്ന സംവരണം നിര്‍ത്തലാക്കണമെന്നാണ് വൈദ്യ ആവശ്യപ്പെട്ടത്. ഇങ്ങനെ സംവരണം നല്‍കുന്നത് നിലവിലെ സാഹചര്യത്തില്‍ പ്രസക്തമല്ലെന്നും വൈദ്യ കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തില്‍ സംവരണം വേണമെന്ന് ആവശ്യപ്പെട്ട് പട്ടേല്‍ സമുദായം നടത്തുന്ന പ്രക്ഷോഭത്തെക്കുറിച്ചു സംസാരിക്കവെ ദേശീയ മാധ്യമമായ ദി ഹിന്ദുവിനോടാണ് വൈദ്യ നിലപാട് വ്യക്തമാക്കിയത്.
ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം ഇപ്പോള്‍ ആവശ്യമില്ല. ഒരു ജാതിയും ഇന്ന് പിന്നോക്കാവസ്ഥയിലല്ല. തീരെ താഴ്ന്നനിലയില്‍ ഉള്ള പട്ടിക ജാതി, പട്ടിക വിഭാഗക്കാര്‍ക്കു വേണമെങ്കില്‍ സംവരണം തുടരാം. അതും പത്തുവര്‍ഷത്തേക്കു മാത്രം. അതിനുശേഷം സംവരണം പൂര്‍ണമായി നിര്‍ത്തലാക്കണം, വൈദ്യ കൂട്ടിച്ചേര്‍ത്തു. ജാതി അടിസ്ഥാനത്തില്‍ നിന്ന് സാമ്പത്തിക അടിസ്ഥാനത്തിലേക്ക് സംവരണത്തിന്റെ മാനദണ്ഡം മാറുന്നതിനെ വൈദ്യ അനുകൂലിച്ചു. സംവരണം ഇപ്പോള്‍ അവകാശമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെയോ കലക്ടറുടെയോ മക്കള്‍ക്ക് സംവരണം ആവശ്യമുണ്ടോ എന്ന് വൈദ്യ ചോദിച്ചു.
ഗുജറാത്തില്‍ സംവരണം വേണമെന്ന പട്ടേല്‍ സമുദായത്തിന്റെ ആവശ്യത്തെ വൈദ്യ തള്ളിക്കളഞ്ഞു. ഗുജറാത്തിലെ വ്യവസായം മുഴുവന്‍ നിയന്ത്രിക്കുന്നത് പട്ടേല്‍ സമുദായമാണ്. അവര്‍ക്ക് സംവരണം ആവശ്യമുണ്ടോ? മഹാരാഷ്ട്രയില്‍ മറാത്തക്കാര്‍ സംവരണം ആവശ്യപ്പെടുന്നു. എന്നാല്‍ മുഖ്യമന്ത്രിമാരില്‍ മിക്കവരും മറാത്തികളാണ്. ജാട്ടുകളും, ഗുജ്ജറുകളും വിവിധ സംസ്ഥാനങ്ങളില്‍ സംവരണത്തിനു വേണ്ടി പ്രക്ഷോഭം നടത്തുന്നു. അവരൊക്കെ ശരിക്കും പിന്നോക്കാവസ്ഥയിലാണോ? വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു വേണ്ടി സര്‍ക്കാരുകളും അത്തരം ആവശ്യങ്ങള്‍ അനുവദിച്ചുകൊടുക്കും, വൈദ്യ പറഞ്ഞു. അതേസമയം, ഒന്നുകില്‍ എല്ലാവര്ക്കും സംവരണം അല്ലെങ്കില്‍ ആര്‍ക്കും സംവരണം വേണ്ട എന്ന ഹാര്‍ദിക് പട്ടേലിന്റെ ആവശ്യം അംഗീകരിക്കുന്നതായി വൈദ്യ അറിയിച്ചു.
Discussion about this post