പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രൂക്ഷവിമർശനവുമായി മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ മുസ്ലിംലീഗ് നേതാവുമായ നവാസ് ഷെരീഫ്.രാജ്യം ഭരിക്കാൻ കഴിവില്ലാത്ത ഇമ്രാൻ ഖാന്റെ കയ്യിൽ ഭരണമേൽപ്പിച്ച് രാജ്യത്തെ ചിലർ നശിപ്പിച്ചുവെന്ന പ്രസ്താവനയുമായാണ് നവാസ് ഷെരീഫ് രംഗത്തുവന്നിട്ടുള്ളത്. 2018 – ലെ തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചാണ് ഇമ്രാൻ ഖാൻ അധികാരത്തിൽ കയറിയതെന്നും മുൻ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി സംഘടിപ്പിച്ച ഐക്യ പ്രതിപക്ഷ സമ്മേളനത്തിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കവെയാണ് ഇമ്രാൻ ഖാനെതിരെയും ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പാക് സർക്കാരിനെതിരെയും നവാസ് ഷെറീഫ് ആഞ്ഞടിച്ചത്.
പാകിസ്ഥാനിൽ ഒരു ഭരണഘടന നിലനിൽക്കുന്നുണ്ടെങ്കിലും ജനാധിപത്യ ഭരണമല്ല രാജ്യത്ത് നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഇമ്രാൻ ഖാനെതിരെയല്ല ഇമ്രാൻ ഖാനെ പോലെ കഴിവുകെട്ട ഒരാളുടെ കയ്യിൽ ഭരണമേൽപ്പിച്ചവർക്കെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു. 3 തവണ പാകിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന വ്യക്തിയാണ് നവാസ് ഷെരീഫ്.








