വിദേശത്ത് സംഭാവനയായി പണം സ്വീകരിക്കാനുള്ള ചട്ടങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള എഫ് സി ആര്‍ എ (ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്‌ട്) അമെന്‍ഡ്മെന്റ് ആക്‌ട് (വിദേശ സംഭാവനാ നിയന്ത്രണ നിയമം) ഭേദഗതി ബില്‍ പാസാക്കി ലോക് സഭ. നിയമഭേദഗതി പ്രകാരം സര്‍ക്കാരിത സന്നദ്ധ സംഘടനകള്‍ക്ക് (എന്‍ജിഒ) വിദേശത്ത് നിന്ന് ഇനി സംഭാവനകള്‍ സ്വീകരിക്കണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാണ്. രാജ്യസഭ നേരത്തെ പാസാക്കിയ ബില്‍ ലോക് സഭ ഇന്ന് പാസാക്കിയത് ശബ്ദവോട്ടോടെയാണ്.
നേരത്തെയുണ്ടായിരുന്നവര്‍ ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് അഭിപ്രായപ്പെട്ടു. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി നടപ്പാക്കുന്നതിന് എഫ് സി ആര്‍ എ ഭേദഗതി അനിവാര്യമാണന്നും ആഭ്യന്തര സഹമന്ത്രി പറഞ്ഞു. ലോക് സഭയില്‍ എംപിമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
എഫ് സി ആര്‍ എ ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനായി, അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. അന്വേഷണം നേരിടുന്നവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചില്ലെങ്കില്‍ എങ്ങനെ അന്വേഷണം മുന്നോട്ടുപോകുമെന്ന് നിത്യാനന്ദ് റായ് ചോദിച്ചു. ഈ ഭേദഗതിയിലൂടെ വിദേശ ഫണ്ടിന്റെ ദുരുപയോഗം തടയാന്‍ കഴിയും. പല എന്‍ജിഒകളും പൊതുപണം സ്വകാര്യ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് മന്ത്രി ആരോപിച്ചു.
ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെങ്കിലും ഇത് ചില പ്രത്യേക സാഹചര്യങ്ങളില്‍ ആവശ്യമാണ്. ആധാര്‍ കാര്‍ഡ് പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയാണ്. എഫ് സി ആര്‍ എയുടെ പ്രധാന ഉദ്ദേശ്യം സുതാര്യത കൊണ്ടുവരുകയാണ്. എഫ് സി ആര്‍ നിയമത്തിലെ ഭേദഗതികള്‍ എന്‍ജിഒകള്‍ക്കെതിരല്ല എന്ന് ആഭ്യന്തര സഹമന്ത്രി പറഞ്ഞു. എന്‍ജിഒകള്‍ക്കുള്ള വിദേശ ഫണ്ട് ഇത് തടയുന്നില്ല. അതേസമയം വിദേശഫണ്ട് ദേശീയ താല്‍പര്യങ്ങളെ ഹനിക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. എഫ് സി ആര്‍ എ ദേശീയ – ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട നിയമമാണ് – നിത്യാനന്ദ് റായ് പറഞ്ഞു.
Discussion about this post