മുംബൈ : ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ അന്വേഷണം പ്രശസ്ത നടി ദീപിക പദുക്കോണിലേക്കും നീളുന്നു.റിയ ചക്രവർത്തിയുടെ വാട്സാപ്പ് ചാറ്റുകളിൽ ദീപികയുടെ പേരുണ്ടെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ദീപികയുടെ മാനേജർ കരിഷ്മ പ്രകാശിനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നാളെ ചോദ്യം ചെയ്യും. തൊട്ടു പിറകെ ദീപികയെയും ചോദ്യം ചെയ്തേക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്.
ബോളിവുഡിലെ മുൻനിര താരങ്ങളായ ശ്രദ്ധ കപൂർ, സോഹ അലി ഖാൻ, രാകുൽ പ്രീത് സിംഗ് എന്നിവരെയും ചോദ്യം ചെയ്യാൻ എൻസിബി തീരുമാനിച്ചിരുന്നു. മൂവർക്കുമുള്ള സമൻസ് ഉടൻ അയക്കും. ലോണാവാലയിലെ സുശാന്തിന്റെ ഫാംഹൗസിൽ നടന്ന ലഹരി പാർട്ടിയെ കേന്ദ്രീകരിച്ചായിരുന്നു കൂടുതൽ ബോളിവുഡ് താരങ്ങളുടെ പേരുകൾ ഉയർന്നത്.ജുഡീഷ്യൽ കസ്റ്റഡിയിലുള്ള റിയാ ചക്രവർത്തിയുടെ മാനേജറായിരുന്ന ശ്രുതി മോദി, സെലിബ്രിറ്റി മാനേജർ ജയ സഹായ് എന്നിവരെയും നാളെ അധികൃതർ ചോദ്യം ചെയ്യും.








