ഡൽഹി: ഈ വർഷം ലോകത്തെ സ്വാധീനിച്ച നൂറ് വ്യക്തികളുടെ പട്ടിക പുറത്തു വിട്ട് ടൈം മാഗസിൻ. പട്ടികയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാലാം തവണയും ഇടം പിടിച്ചു. നേതാക്കന്മാരുടെ പട്ടികയിൽ ഇടം നേടുന്ന ഒരേ ഒരു ഇന്ത്യക്കാരനാണ് മോദി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്, ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ്, അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൻ, ഡെമോക്രാറ്റിക് നേതാവ് കമല ഹാരിസ്, തായ്വാൻ പ്രസിഡന്റ് സൈ ഇംഗ് വെൻ, ജർമ്മൻ ചാൻസലർ ആംഗല മെർക്കൽ തുടങ്ങിയവരും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
സൗഹാർദ്ദത്തിന്റെയും സ്ഥിരതയുടെയും രാഷ്ട്രമാണ് ഇന്ത്യയെന്ന ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമയുടെ പ്രസ്താവനയും ടൈം മാഗസിൻ ഉദ്ധരിച്ചിട്ടുണ്ട്. 2014ൽ ലഭിച്ചതിനേക്കാൾ മികച്ച ഭൂരിപക്ഷത്തോടെ ലോകത്തിലെ ഏറ്റവും ബൃഹത്തും ചലനാത്മകവുമായ ജനാധിപത്യത്തിന്റെ അമരത്തേക്ക് നരേന്ദ്ര മോദി 2019ലും നടന്നു കയറിയതും മാഗസിൻ വിലയിരുത്തുന്നുണ്ട്. ‘സബ് കാ സാഥ്, സബ് കാ വികാസ്, സബ് കാ വിശ്വാസ്‘ എന്ന മുദ്രാവക്യത്തിലൂടെ ഇന്ത്യൻ ജനതയുടെ ജീവിതത്തിൽ വികസനം ഒരു സ്വാധീന ശക്തിയാക്കി മാറ്റാൻ കഴിഞ്ഞ ആറ് വർഷത്തെ പ്രവർത്തന ഫലമായി മോദിക്ക് സാധിച്ചുവെന്നും മാസിക വിലയിരുത്തുന്നു.
‘കഴിഞ്ഞ ദശാബ്ദങ്ങളിൽ മോദിയെപ്പോലെ ഇന്ത്യയെ ഏകീകരിച്ച മറ്റൊരു നേതാവില്ലെന്ന‘ മാസികയുടെ കഴിഞ്ഞ വർഷത്തെ നിരീക്ഷണവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 2014, 2015, 2017 വർഷങ്ങളിലും ടൈം മാഗസിൻ പട്ടികയിൽ നരേന്ദ്ര മോദി ഇടം പിടിച്ചിരുന്നു.











