ന്യൂഡൽഹി : ഐപിഎൽ പാർട്ടിയിൽ താരങ്ങളുടെ ഭാര്യമാർ ലഹരിമരുന്ന് ഉപയോഗിക്കുന്നത് നേരിട്ട് കണ്ടതായി നടിയും മോഡലുമായ ഷെർലിൻ ചോപ്ര. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മത്സരത്തിനു ശേഷം നടന്ന ആഘോഷപരിപാടിക്കിടെ ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാർ കൊക്കെയ്ൻ ഉപയോഗിക്കുന്നത് കണ്ടെന്നാണ് ഷെർലിൻ വെളിപ്പെടുത്തിയിട്ടുള്ളത്. ദേശീയ മാധ്യമമായ എബിപി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഷെർലിന്റെ ഈ വെളിപ്പെടുത്തൽ.
അതേസമയം, ഏതൊക്കെ ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാരാണ് ലഹരി ഉപയോഗിച്ചതെന്നൊ ഏത് സീസണിലെ മത്സരത്തിനിടയിലാണ് സംഭവം നടന്നതെന്നൊ ഷെർലിൻ ചോപ്ര വ്യക്തമാക്കിയിട്ടില്ല. എങ്കിലും, ഒരു അന്വേഷണം വരികയാണെങ്കിൽ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയെ (എൻസിബി) സഹായിക്കാൻ തയ്യാറാണെന്ന് ഷെർലിൻ പറഞ്ഞു . ബോളിവുഡിലെ മയക്കുമരുന്ന് സംഘത്തെ പുറത്തുകൊണ്ടു വരുത്തുന്നതിന് എൻസിബി നടത്തുന്ന ശ്രമങ്ങളിൽ സന്തോഷമുണ്ടെന്നും നടി കൂട്ടിച്ചേർത്തു.








