തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ മകൻ ബിനീഷ് കോടിയേരിക്ക് നാല് ജില്ലകളിൽ വെളിപ്പെടുത്താത്ത സ്വത്തെന്ന് റിപ്പോർട്ട്. ബിനീഷിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ ഭൂമിയുടെയും കെട്ടിടങ്ങളുടെയും വിവരം തേടി റജിസ്ട്രേഷൻ വകുപ്പിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്ത് നൽകി. നിലവിൽ ബിനീഷിന്റെ പേരിലുള്ള സ്വത്തുകളുടെ കൈമാറ്റം മരവിപ്പിക്കാനും റജിസ്ട്രേഷൻ വകുപ്പിനോട് ഇഡി ആവശ്യപ്പെട്ടു.
സ്വത്ത് വെളിപ്പെടുത്താൻ ബിനീഷിന് നോട്ടീസ് നൽകാനും ഇഡി തീരുമാനിച്ചു. നർകോട്ടിക് കൺട്രോൾ ബ്യൂറോ ബെംഗളൂരുവിൽ പിടികൂടിയ ലഹരിമരുന്നു റാക്കറ്റിനു ബിനീഷ് കോടിയേരി സാമ്പത്തിക സഹായം നൽകിയിട്ടുണ്ടോയെന്നു കണ്ടെത്താനാണ് ഇഡി അന്വേഷണം തുടങ്ങിയത്.
ഇഡി നടത്തിയ ആദ്യഘട്ട ചോദ്യം ചെയ്യലിൽ സ്വത്തുവിവരങ്ങളുടെ രേഖകൾ ബിനീഷ് അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു. എന്നാൽ വെളിപ്പെടുത്താത്ത സ്വത്തുക്കളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നതോടെ ബിനീഷ് വെട്ടിലായിരിക്കുകയാണ്.











