അയോധ്യ തർക്കമന്ദിരം തകർത്ത കേസിൽ ആവശ്യമായ തെളിവുകൾ ഇല്ലെന്ന് കണ്ടതിനാൽ പ്രതിപ്പട്ടികയിലെ മുപ്പത്തിരണ്ട് പേരെയും ലക്നൗ കോടതി കുറ്റവിമുക്തരാക്കി. എൽ.കെ അദ്വാനി, ഉമാഭാരതി അടക്കമുള്ള നേതാക്കളെല്ലാം സംഭവ ദിവസം ജനക്കൂട്ടത്തെ നിയന്ത്രിക്കാനാണ് ശ്രമിച്ചതെന്നും കോടതി കണ്ടെത്തി.
1992 ഡിസംബർ ആറിനാണ് അയോദ്ധ്യ രാമജന്മഭൂമിയിലെ തർക്കമന്ദിരം കർസേവകർ തകർത്തത്. അക്രമാസക്തരായ ജനക്കൂട്ടത്തെ പിന്തിരിപ്പിക്കാനാണ് ബിജെപി, വി.എച്.പി നേതാക്കൾ ശ്രമിച്ചത്. അഡ്വാനി ഉൾപ്പെടെയുള്ളവർക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി രണ്ടായിരത്തി മൂന്നിൽ റായ്ബറേലിയിലെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിംഗ്, എന്നിവരടക്കം 32 പേരായിരുന്നു പ്രതികൾ.ഇവരെല്ലാം കുറ്റം നിഷേധിച്ചു. അന്നത്തെ കോൺഗ്രസ് സർക്കാർ രാഷ്ട്രീയ വിദ്വേഷം മൂലം തങ്ങളെ പ്രതിയാക്കിയതാണെന്നാണ് ഇവർ കോടതിയിൽ മൊഴി നൽകിയത്.
രണ്ട് പ്രതികളൊഴിച്ച് 25 പേർക്കു വേണ്ടി ഹാജരായത് അഭിഭാഷകനായ കെ.കെ മിശ്രയാണ്.വിധി പ്രസ്താവിക്കുന്നത് കേൾക്കാൻ ബിജെപി എംപി സാക്ഷി മഹാരാജ്, രാമജന്മഭൂമി ക്ഷേത്രനിർമ്മാണ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപട് റായ്, മുൻ എം.പി വിനയ് കട്യാർ, തുടങ്ങി 27 പ്രതികൾ കോടതിയിലെത്തിയിരുന്നു. 27 വർഷം നീണ്ട രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ കേസിൽ വിധി പ്രഖ്യാപനത്തോടെ അനുബന്ധിച്ച് കോടതിയിലും പരിസരത്തും വൻ സുരക്ഷയാണ് യു.പി സർക്കാർ ഒരുക്കിയിരുന്നത്.








