ന്യൂഡൽഹി : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആഗോള ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്രമോദി ഒക്ടോബർ അഞ്ചിന് ഉദ്ഘാടനം ചെയ്യും.കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന്റെയും നീതി ആയോഗിന്റെയും നേതൃത്വത്തിലായിരിക്കും ഒക്ടോബർ 5 മുതൽ 9 വരെ, റെയ്‌സ് -2020 എന്ന് പേരിട്ടിരിക്കുന്ന ഉച്ചകോടി നടക്കുക.
ഉച്ചകോടിയുടെ ഉദ്ഘാടനച്ചടങ്ങിൽ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദഗ്ധൻ പ്രൊഫസർ രാജ് റെഡ്ഡി, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി, ഐബിഎം സിഇഒ അരവിന്ദ് കൃഷ്ണ എന്നിവരും പങ്കെടുക്കും. ഇന്ത്യ ആഗോളതലത്തിൽ നിർമ്മിതബുദ്ധിയുടെ മേഖലയിൽ ഏറെ മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും ഇന്ത്യയിലെ വ്യവസായങ്ങൾ ഇത്തരം മേഖലയിൽ ലോക രാജ്യങ്ങൾക്ക് സഹായം നൽകുന്ന തരത്തിലേക്ക് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലും വിതരണം ചെയ്യുന്നതിലും മുന്നേറുകയാണെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് അഭിപ്രായപ്പെട്ടു.
ഉച്ചകോടിയിൽ, ഐക്യരാഷ്ട്രസഭയുടെ സാങ്കേതിക വിഭാഗത്തിലെ പ്രതിനിധികളും വിവിധ ലോകരാജ്യങ്ങളിലെ വിവര സാങ്കേതിക മേഖലകളിലെ പ്രതിനിധികളും പങ്കെടുക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.
Discussion about this post