രാജ്യത്തെ ആദ്യ പ്രവിശ്യ ദക്ഷിണേന്ത്യയില്‍ സ്ഥാപിക്കാന്‍ ഐഎസ് ശ്രമിച്ചതായി എന്‍ഐഎ. ദക്ഷിണേന്ത്യയിലെ വനങ്ങള്‍ കേന്ദ്രികരിച്ച് പ്രവിശ്യ സ്ഥാപിക്കാന്‍ ഐഎസ് ശ്രമിച്ചതായാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ വനങ്ങളിലായിരുന്നു ഇതിനായുള്ള ശ്രമം നടന്നത്. ഐഎസിന്റെ ഉപവിഭാഗമായ അല്‍ഹിന്ദ് എന്ന ഭീകര സംഘടനയിലെ 17 പേര്‍ക്കെതിരായ കുറ്റപത്രത്തിലാണ് എന്‍ഐഎ ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
2019 ഡിസംബറില്‍ അറസ്റ്റിലായ 17 ഭീകരര്‍ക്കെതിരായി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ എന്‍ഐഎ ഐഎസിന്റെ രാജ്യത്തെ ആദ്യ പ്രവിശ്യാ സ്ഥാപന മോഹം തകര്‍ത്തത് വിവരിക്കുന്നു.
ബംഗലൂരുവില്‍ നിന്നുള്ള മെഹബൂബ് പാഷ, കൂടല്ലൂരില്‍ നിന്നുള്ള കാജാമൊയ്ദീന്‍ എന്നിവരുടെ നേത്യത്വത്തിലായിരുന്നു പദ്ധതി. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ വനങ്ങള്‍ കേന്ദികരിച്ച് താവളം ഒരുക്കി രാജ്യത്തിനെതിരായി പോരാടാനായിരുന്നു ശ്രമം. വീരപ്പന്‍ കാട്ടില്‍ വര്‍ഷങ്ങളോളം കഴിഞ്ഞ രീതിയില്‍ ഭീകര താവളം സംഘടിപ്പിക്കാനായിരുന്നു നീക്കം.
കര്‍ണാടകയിലെ ശിവസമുദ്ര മേഖലയിലെ കാട്ടിലെത്തി പാഷ നാല് ഭീകരര്‍ക്ക് ഒപ്പം ഭീകര താവളത്തിനായുള്ള സ്ഥലം നിര്‍ണയിച്ചിരുന്നു. സ്‌ഫോടകവസ്തുക്കളും ടെന്റ് നിര്‍മിക്കാനുള്ള വസ്തുക്കളും സംഘം സംഭരിച്ചിരുന്നതായും എന്‍.ഐ.എ കുറ്റപത്രത്തില്‍ പറയുന്നു. കുടക്, കോളാര്‍, ചിറ്റൂര്‍ എന്ന മേഖലകളിലും സംഘം തവളം ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു.
മത നേതാക്കളെയും രാഷ്ട്രീയ പ്രവര്‍ത്തകരേയും കൊലപ്പെടുത്തി കലാപം ഉണ്ടാക്കാനും അതിന്റെ മറവില്‍ കൂടുതല്‍ ആക്രമണങ്ങള്‍ സംഘടിപ്പിക്കാനുമായിരുന്നു പദ്ധതി. ഹൈന്ദവ മുസ്ലിം സംഘടനകള്‍ക്ക് ഇടയില്‍ സംഘര്‍ഷം ഉണ്ടാക്കാനുള്ള വിവിധ ആക്രമണങ്ങളും ഇവര്‍ തയാറാക്കിയിരുന്നു. ഉന്നത രാഷ്ട്രീയ നേതാക്കളെ ബന്ധിയാക്കി പണത്തിനായി വിലപേശാനും തീരുമാനിച്ചിരുന്നതായും എന്‍.ഐ.എ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
Discussion about this post