കൊച്ചി: ലൈഫ് മിഷന് സിഇഒ യു.വി. ജോസ് സിബിഐക്ക് മുന്നില്‍ ഹാജരായി. ലൈഫ് മിഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സിബിഐക്കു മുന്നില്‍ ഹാജരായിട്ടുണ്ട്. ഇന്ന് രാവിലെയാണ് യു.വി. ജോസും ഉദ്യോഗസ്ഥരും കൊച്ചിയിലെ സിബിഐ ഓഫീസില്‍ ഹാജരായത്. വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറിയും സിബിഐ ഓഫീസില്‍ ഹാജരായിട്ടുണ്ട്. ഇവരില്‍ നിന്നും സിബിഐ വിശദമായി വിവരങ്ങള്‍ തേടും.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണമാണ് സിബിഐ നടത്തുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട ആറ് രേഖകള്‍ ഹാജരാക്കണമെന്നാണ് സിബിഐ നിര്‍ദേശം നല്‍കിയിട്ടുള്ളത്. റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാ പത്രം ഹാജരാക്കണം. ലൈഫ് മിഷന്റെ ഭാഗമായുള്ള വടക്കാഞ്ചേരിയിലെ വീടുകളും ഹെല്‍ത്ത് സെന്ററും സംബന്ധിച്ച മുഴുവന്‍ വിവരങ്ങളുടെയും വിശദാംശങ്ങള്‍ കൈമാറണം. ലൈഫ് മിഷന് പദ്ധതിക്കായി വടക്കാഞ്ചേരിയിലെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നും സിബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വടക്കാഞ്ചേരി നഗരസഭ, കെഎസ്ഇബി എന്നിവ ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട നടത്തിയിട്ടുള്ള ഇടപാടുകളുടെ രേഖകള്‍ നല്‍കണം. അതോടൊപ്പം, ലൈഫ് മിഷന് ജില്ലാ കോഡിനേറ്ററും ലൈഫ് മിഷന് പദ്ധതിയുമായുള്ള ബന്ധം കാണിക്കുന്ന രേഖകള്‍, യൂണിടാക്കും സെയ്ന് വെഞ്ചേഴ്സും ലൈഫ് മിഷനുമായി നടത്തിയുള്ള ഇടപടാകുള് സംബന്ധിച്ച രേഖകള്‍ തുടങ്ങിയവയാണ് സിബിഐ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
Discussion about this post