പട്ന : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും തമ്മിലുള്ള വാക് പോര് തുടരുന്നു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
‘ജനങ്ങളെ മണ്ടന്മാരാക്കാനാണ് ചില നേതാക്കള്‍ ഇപ്പോഴും ശ്രമിക്കുന്നത്. താന്‍ ബിഹാര്‍ പാക്കേജ് പ്രഖ്യാപിച്ചതിനുശേഷം പ്രതിപക്ഷം തുടര്‍ച്ചയായി അതിനെ കുറ്റപ്പെടുത്തുകയാണ്. എന്നാല്‍ ഇനി ജനങ്ങള്‍ അതൊരിക്കലും അംഗീകരിക്കില്ല. ലോകത്തില്‍ വച്ച് ഏറ്റവും ബുദ്ധിമാന്മാരായ ജനങ്ങളാണ് ബിഹാറിലുള്ളതെന്നും’ ഭഗല്‍പൂരിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞു.
എന്നാല്‍ പ്രധാനമന്ത്രിക്ക് പരിഭ്രാന്തിയാണെന്നായിരുന്നു നിതീഷിന്റെ മറുപടി.
‘കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജിഡിപി ഇടിയുകയാണ് ചെയ്യുന്നത്. സെന്‍സെക്സും താഴേക്ക് തന്നെയാണ് പോകുന്നത്. എനിക്ക് തോന്നുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യങ്ങളില്‍ വളരെയധികം പരിഭ്രാന്തനാണ്. അല്ലാതെ എന്തിനാണ് അദ്ദേഹം ഇത്തരത്തില്‍ സംസാരിക്കുന്നത്’ എന്നും നിതീഷ്കുമാര്‍ ചോദിച്ചു.
25 വര്‍ഷത്തിനു ശേഷം ബിഹാറിലെ ജനങ്ങള്‍ ബിജെപിക്ക് വോട്ടു ചെയ്യാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിലെ ജാഥയില്‍ പറഞ്ഞു. ഇനി എത്ര രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ഒരുമിച്ചു ശ്രമിച്ചാലും ബിഹാറിലെ ബിജെപിയുടെ വിജയത്തെ തടസ്സപ്പെടുത്താനാവില്ലെന്നും മോദി പറഞ്ഞു.
25 വര്‍ഷം ബിഹാര്‍ ഭരിച്ചവര്‍ സംസ്ഥാനത്തിനു വേണ്ടി ചെയ്ത കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാന്‍ തയാറല്ല. അതിനുപകരം ഞാന്‍ എന്തൊക്കെ ചെയ്തുവെന്നാണ് ചോദിക്കുന്നത്. ഇതു നിങ്ങള്‍ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് എന്നോട് ചോദിച്ചില്ല. ഇപ്പോള്‍ മറുപടി പറയേണ്ടത് അവരാണ്. 2019 ല്‍ ഞാന്‍ ഇവിടെ വരുമ്പോള്‍ അഞ്ചുവര്‍ഷം കൊണ്ട് എന്റെ സര്‍ക്കാര്‍ ബിഹാറിന്റെ വികസനത്തിനായി ചെയ്തതെന്തൊക്കെയാണെന്നതിന്റെ മുഴുവന്‍ വിവരങ്ങളും നല്‍കുമെന്നും മോദി പറഞ്ഞു.
Discussion about this post