പത്തനംതിട്ട: ഭാര്യക്ക് നേരെ യുവാവിന്റെ ആസിഡ് ആക്രമണം. പെരുനാട് സ്വദേശി പ്രീജയ്ക്ക് നേരെയാണ് ഭർത്താവ് ബിനീഷ് ഫിലിപ്പ് ആക്രമണം നടത്തിയത്. രാവിലെയോടെ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് കയ്യിൽ കരുതിയ ആസിഡ് ഇയാൾ പ്രീജയുടെ മുഖത്തും ശരീരത്തും ഒഴിക്കുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ പ്രീജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണൂർ സ്വദേശിയാണ് ബിനീഷ് ഫിലിപ്പ്. യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തിയ ബിനീഷ് ഇവരെ അവിടെ നിന്നും വലിച്ചിറക്കിയ ശേഷം കൈയ്യിൽ കരുതിയ ആസിഡ് അവരുടെ മുഖത്തേക്കും ശരീരത്തിലേക്കും ഒഴിക്കുകയായിരുന്നു.
പ്രീജയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ബിനീഷ് ഫിലിപ്പിനെ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ആസിഡ് ആക്രമണത്തിനിടെ ബിനീഷിനും പരിക്കേറ്റു. നിലവിൽ ഇരുവരും ആശുപത്രിയിലാണ്. പ്രീജയുടെ നില ഗുരുതരമാണ്.











