ലിബിയയില്‍ ഏഴ് ഇന്ത്യന്‍ പൗരന്മാരെ തട്ടിക്കൊണ്ടുപോയെന്ന് കേന്ദ്രസര്‍ക്കാര്‍. സെപ്തംബര്‍ 14നാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നും മോചനത്തിനുള്ള ശ്രമം തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആന്ധ്രാ പ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് തട്ടിക്കൊണ്ടുപോകപ്പെട്ടവര്‍. ഇന്ത്യയിലേക്ക് മടങ്ങാനായി ട്രിപ്പോളി വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.
എണ്ണ ഉത്പാദന, വിതരണ മേഖലയില്‍ ജോലി ചെയ്തിരുന്നവരാണിവര്‍. അഷ്‍വരിഫ് എന്ന സ്ഥലത്ത് വെച്ചാണ് ഇവരെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. ഇവരെ മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലിബിയന്‍ സര്‍ക്കാരിന്റെയും മറ്റ് അന്താരാഷ്ട്ര സംഘടനകളുടെയും സഹായം തേടിയിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.
ടുണീഷ്യയിലെ ഇന്ത്യന്‍ എംബസിയും ഇവരെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ്. ‘സര്‍ക്കാര്‍ അവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ട്, ലിബിയന്‍ അധികാരികളുമായും തൊഴിലുടമയുമായും കൂടിയാലോചിച്ച് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. നമ്മുടെ പൗരന്മാരെ കണ്ടെത്താനും അവരെ തടവില്‍ നിന്ന് എത്രയും വേഗം മോചിപ്പിക്കാനും കഴിയും,’ അദ്ദേഹം പറഞ്ഞു. കണ്‍സ്ട്രക്ഷന്‍ ആന്റ് ഓയില്‍ ഫീല്‍ഡ് സപ്ലൈസ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളെയാണ് തട്ടിക്കൊണ്ടുപോയത്. -അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
തട്ടിക്കൊണ്ടുപോയവര്‍ തൊഴിലുടമയെ ബന്ധപ്പെടുകയും ഫോട്ടോകള്‍ അയച്ചുനല്‍കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ പൗരന്മാര്‍ സുരക്ഷിതരാണെന്നും അനുരാഗ് പറഞ്ഞു. 2011-ല്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ നാലു പതിറ്റാണ്ടിന്റെ ഭരണത്തിന്റെ പതനത്തിനുശേഷം വടക്കേ ആഫ്രിക്കയിലെ എണ്ണ സമ്പന്ന രാജ്യമായ വലിയ തോതിലുള്ള അക്രമങ്ങള്‍ക്കും അശാന്തിക്കും സാക്ഷ്യം വഹിക്കുകയാണ്.
തട്ടിക്കൊണ്ടുപോയവരുടെ മോചനത്തിനായി ടുണീഷ്യയിലെ ഇന്ത്യന്‍ എംബസി ലിബിയന്‍ സര്‍ക്കാര്‍ അധികാരികളെയും സമീപിച്ചിട്ടുണ്ടെന്ന് ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യന്‍ പൗരന്മാരെ രക്ഷിക്കാന്‍ സഹായം അവിടെയുള്ള അന്താരാഷ്ട്ര സംഘടനകളുടെയും സഹായം തേടിയിട്ടുണ്ട്.
Discussion about this post