ഡൽഹി : മുൻ ബീഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് കാലിത്തീറ്റ കുംഭകോണ കേസിൽ ജാമ്യം ലഭിച്ചു. വ്യാജ ബില്ലുകളിലൂടെ ചായ്ബാസ ട്രഷറിയിൽ നിന്നും 33 കോടി രൂപ തട്ടിയ കേസിലാണ് ജാമ്യം ലഭിച്ചത്. ദുംക ട്രഷറി കേസുൾപ്പെടെയുള്ള മൂന്നു കേസുകൾ കൂടി പരിഗണനയിലുള്ളതിനാൽ ലാലു പ്രസാദ് ജയിലിൽ തന്നെ തുടരും.
ജാർഖണ്ഡ് ഹൈക്കോടതിയാണ് ലാലു പ്രസാദ് യാദവിന് ജാമ്യം അനുവദിച്ചത്. 1992-93 കാലഘട്ടത്തിൽ ബീഹാറിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്ന സമയത്താണ് വ്യാജ ബില്ലുകളിലൂടെ 33.67 രൂപ ചായ്ബാസ ട്രഷറിയിൽ നിന്നും ലാലു പ്രസാദ് പിൻവലിച്ചത്. കസ്റ്റഡിയിലിരിക്കെ ഉണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നിലവിൽ റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലാണ് അദ്ദേഹം.








