ഇന്ത്യയും ഇസ്രായേലും സംയുക്തമായി വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കോവിഡ് ദ്രുത പരിശോധനാ കിറ്റ് ദിവസങ്ങൾക്കുള്ളിൽ പുറത്തിറക്കാനാകുമെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റോൺ മാൽക്ക. ഇരു രാജ്യങ്ങളും ചേർന്ന് വികസിപ്പിക്കുന്നത് ഒരു മിനിറ്റിനുള്ളിൽ കോവിഡ് പരിശോധനാഫലം ലഭ്യമാക്കാൻ കഴിയുന്ന സംവിധാനമാണ്. ഇന്ത്യ ദ്രുത പരിശോധനാ കിറ്റിന്റെ ഉൽപാദന കേന്ദ്രമായി മാറണമെന്നാണ് ഇസ്രായേൽ ആഗ്രഹിക്കുന്നതെന്നും കോവിഡിനെതിരെയുള്ള വാക്സിൻ കണ്ടെത്താനുള്ള പരീക്ഷണങ്ങളിലും ഇരുരാജ്യങ്ങളും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വേഗത്തിൽ കണ്ടുപിടിക്കാൻ കഴിവുള്ള ബ്രീത്ത് അനലൈസർ, വോയിസ് ടെസ്റ്റ് എന്നിവയുൾപ്പെടെ നാല് വ്യത്യസ്ത തരം സാങ്കേതിക വിദ്യകളുപയോഗിച്ച് നിരവധി സാമ്പിളുകൾ ശേഖരിച്ചതിനു ശേഷമാണ് ഇസ്രായേൽ ഗവേഷകർ പരീക്ഷണങ്ങൾ നടത്തുന്നത്. പരീക്ഷണങ്ങളിൽ, ഉമിനീർ സാമ്പിളിൽ നിന്ന് കൊറോണ വൈറസ് തിരിച്ചറിയാൻ സഹായിക്കുന്ന ഐസോതെർമൽ പരിശോധനയും പോളി-അമിനോ ആസിഡുകൾ ഉപയോഗിച്ചുള്ള പരിശോധനയും ഉൾപ്പെടുന്നുണ്ട്.
കോവിഡ് ദ്രുത പരിശോധനാ കിറ്റിന്റെ പരീക്ഷണങ്ങൾ അവസാനഘട്ടത്തിലാണെന്നും ദിവസങ്ങൾക്കുള്ളിൽ അത് പൂർത്തിയാകുമെന്നാണ് കരുതുന്നതെന്നും ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റോൺ മാൽക്ക കൂട്ടിച്ചേർത്തു.








