രാജ്യത്തെ പൊലീസ് സേനകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും പൊലീസ് സേനകള്‍ക്ക് പെരുമാറ്റച്ചട്ടം ബാധകമായിരിക്കും. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പൊലീസ് നിര്‍ബന്ധമായും എടുത്തിരിക്കേണ്ട നടപടികള്‍ സംബന്ധിച്ചാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യല്‍, ഫോറന്‍സിക് പരിശോധനയ്ക്കടക്കമുള്ള തെളിവ് ശേഖരിക്കല്‍, സെക്ഷ്വല്‍ അസോള്‍ട്ട് എവിഡന്‍സ് കളക്ഷന്‍ (എസ് എ ഇ സി) കിറ്റ് ഉപയോഗിക്കല്‍, ലൈംഗികപീഡന കേസുകളില്‍ രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കല്‍, നാഷണല്‍ ഡാറ്റാബേസ് ഉപയോഗിച്ച് ലൈംഗിക കുറ്റവാളികളെ കണ്ടെത്തല്‍ തുടങ്ങിയവ സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.
സിആര്‍പിസി സെക്ഷന്‍ 173 പ്രകാരം ലൈംഗികപീഡന കേസുകളില്‍ അന്വേഷണം രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കിയിരിക്കണം. നിയമപാലകര്‍ക്ക് മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ഇന്‍വെസ്റ്റിഗേഷന്‍ ട്രാക്കിംഗ് സിസ്റ്റം ഫോര്‍ സെക്ഷ്വല്‍ ഒഫന്‍സസ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്.
സിആര്‍പിസി സെക്ഷന്‍ 164 എ പ്രകാരം ബലാത്സംഗ, ലൈംഗിക പീഡന ഇരകളെ ഒരു രജിസ്റ്റേര്‍ഡ് മെഡിക്കല്‍ ഡോക്ടര്‍ സംഭവം നടന്ന് 24 മണിക്കൂറിനകം പരിശോധിച്ചിരിക്കണം.
1872ലെ ഇന്ത്യന്‍ എവിഡന്‍സ് ആക്ടിന്റെ സെക്ഷന്‍ 32 (1) പ്രകാരം മരണത്തിന് മുമ്പ് ഒരു വ്യക്തി രേഖാമൂലമോ വാക്കാലോ പറയുന്ന കാര്യങ്ങള്‍ മരണകാരണവുമായി ബന്ധപ്പെട്ട് നിര്‍ണായക വസ്തുതയായി അന്വേഷണത്തില്‍ കണക്കാക്കണം.
Discussion about this post