ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിൽ ഐ.പി.എൽ വാതുവെപ്പ് നടത്തിയ 18 പേരെ പിടികൂടി പോലീസ്. കൃഷ്ണ ജില്ലാ പൊലീസാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും 6.45 ലക്ഷം രൂപയും 17 മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഐ.പി.എൽ 20-20 മത്സരങ്ങളുടെ പശ്ചാത്തലത്തിൽ വ്യാപകമായി വാതുവെപ്പ് നടക്കുന്നുണ്ടെന്ന വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
നൊസിവിഡു റൂറൽ സബ് ഇൻസ്‌പെക്ടർ രഞ്ജിത്കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മൊബൈൽ ഫോണുകളും പണവും കൂടാതെ പ്രതികളിൽ നിന്നും ഒരു ടെലിവിഷൻ സെറ്റും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ ക്രിക്കറ്റ് വാതുവെപ്പ് സംഘടിപ്പിച്ചതായി ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചുവെന്ന് പോലീസ് അറിയിച്ചു. ബാങ്കുകളോട് പ്രതികളുടെ ബാങ്കിങ് ഇടപാടുകൾ മരവിപ്പിക്കാൻ അധികാരികൾ അഭ്യർത്ഥിച്ചിട്ടുണ്ട്. കടപ്പ ജില്ലയിൽ നിന്നും കഴിഞ്ഞദിവസം എട്ടു പേരടങ്ങുന്ന വാതുവെപ്പ് സംഘത്തെ പോലീസ് പിടികൂടിയിരുന്നു.










