തനിഷ്ഖ് ജ്വല്ലറിയുടെ വിവാദപരമായ പരസ്യത്തിനെതിരെ ബോളിവുഡ് താരം കങ്കണ റണാവത്ത്. ഇത്തരത്തിലുള്ള പരസ്യങ്ങൾ തീർത്തും അപമാനകരമാണെന്നും പരസ്യത്തിന്റെ പ്രമേയത്തിനല്ല അത് ജനങ്ങളിലേക്കെത്തിച്ച രീതിയിലാണ് പ്രശ്നമെന്നും കങ്കണ പറഞ്ഞു. ട്വിറ്ററിലൂടെയാണ് താരം തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. ഒരു മുസ്ലീം കുടുംബത്തിലേക്ക് വിവാഹം ചെയ്തെത്തിയ ഹിന്ദു പെൺകുട്ടിയുടെ ‘ഗോധ് ഭരായ്’ (ബേബി ഷവർ) ആണ് പരസ്യത്തിന്റെ പ്രമേയം. ഈ പരസ്യത്തിൽ പെൺകുട്ടി മറ്റുള്ളവരുടെ ദയയിൽ സ്വന്തം വീട്ടിൽ കഴിയുന്ന ഒരു പ്രതീതിയാണ് കാഴ്ചക്കാർക്ക് ലഭിക്കുന്നതെന്ന് കങ്കണ അഭിപ്രായപ്പെട്ടു.
നേരത്തെ, ലവ് ജിഹാദിനെ പ്രകീർത്തിക്കുന്ന പരസ്യങ്ങൾ പുറത്തു വിട്ടതിന് ഹിന്ദു മതവിശ്വാസികളോട് മാപ്പപേക്ഷിച്ച് തനിഷ്ഖ് ജ്വല്ലറി രംഗത്തു വന്നിരുന്നു. ഗുജറാത്തിലെ ഗാന്ധിധാമിലുള്ള ഷോറൂമിനു വേണ്ടിയാണ് വിവാദപരമായ പരസ്യം ചിത്രീകരിച്ചത്. പുതിയ പരസ്യം പുറത്തു വന്നതിനു പിന്നാലെ ജ്വല്ലറിക്കെതിരെ വ്യാപക പ്രതിഷേധങ്ങളുയർന്നിരുന്നു. ചിലർ ജ്വല്ലറി ബഹിഷ്കരിക്കാൻ വരെ ആഹ്വാനം ചെയ്തു. ജ്വല്ലറിയുടെ ‘ഏകത്വം ‘ കളക്ഷനു വേണ്ടി ചിത്രീകരിച്ച പരസ്യം സാമൂഹ്യ മാധ്യമങ്ങളിലെല്ലാം പ്രചരിച്ചത് ഒക്ടോബർ 9നാണ്.
Discussion about this post