ഡൽഹി: ഹത്രാസ് കൊലപാതക കേസിൽ അന്വേഷണം ശക്തമാക്കി സിബിഐ. കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിനെയും സഹോദരന്മാരെയും സിബിഐ വീണ്ടും വിളിപ്പിച്ചു. ഇവരെ വീണ്ടും ചോദ്യം ചെയ്യും. ഇവരെ കഴിഞ്ഞ ദിവസവും ചോദ്യം ചെയ്തിരുന്നു.
പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാതെ നോക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സിബിഐക്ക് തനതായ ഒരു അന്വേഷണ ശൈലിയുണ്ട്. അതാണ് ഈ കേസിലും പിന്തുടരുന്നത്. അന്വേഷണത്തിൽ കുടുംബം സഹകരിക്കുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥ അഞ്ജലി ഗാംഗ്വർ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യൻ ശിക്ഷാനിയമം 376 ഡി, 307, 302,എന്നീ വകുപ്പുകൾ പ്രകാരമാണ് ഹത്രാസ് കേസ് സിബിഐ അന്വേഷിക്കുന്നത്. സംഭവത്തിൽ സുതാര്യവും നീതിയുക്തവുമായ അന്വേഷണമാണ് പ്രതീക്ഷിക്കുന്നതെന്നും പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു.











