ഭോപാൽ: മധ്യപ്രദേശിൽ കോൺഗ്രസ്സിന് വീണ്ടും തിരിച്ചടി. കോൺഗ്രസ്സ് പിന്നോക്ക വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി രാജേന്ദ്ര ഗുർജർ ബിജെപിയിൽ ചേർന്നു. പാർട്ടി പദവിയും പ്രാഥമിക അംഗത്വവും രാജി വെച്ച ശേഷമാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. ഉപതെരഞ്ഞെടുപ്പുകളിൽ പിന്നോക്ക വിഭാഗങ്ങളോട് കോൺഗ്രസ് കടുത്ത അവഗണനയാണ് കാട്ടിയതെന്നും ഇതിൽ പ്രതിഷേധിച്ചാണ് തന്റെ തീരുമാനമെന്നും കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് കമൽനാഥിന് സമർപ്പിച്ച രാജിക്കത്തിൽ ഗുർജർ വ്യക്തമാക്കി.
ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ സാന്നിദ്ധ്യത്തിൽ ഡൽഹിയിൽ വെച്ചാണ് ഗുർജർ ബിജെപി അംഗത്വം സ്വീകരിച്ചത്. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം വിഭാഗം കോർഡിനേറ്റർ ആയിരുന്ന മനീഷ് രാജ്പുതിനോടൊപ്പമാണ് രാജേന്ദ്ര ഗുർജർ ബിജെപിയിൽ ചേർന്നത്.
ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം കോൺഗ്രസ്സിലെ നിരവധി നേതാക്കൾ ബിജെപിയിൽ ചേർന്നത് സംസ്ഥാനത്ത് ഭരണമാറ്റത്തിന് വഴി വെച്ചിരുന്നു. ഉപതിരഞ്ഞെടുപ്പുകൾ ആസന്നമായിരിക്കുന്ന സാഹചര്യത്തിൽ വൻ ജനപിന്തുണയുള്ള രാജേന്ദ്ര ഗുർജറിന്റെ ബിജെപി പ്രവേശനം കോൺഗ്രസ്സിന് കനത്ത പ്രഹരമായി.
Discussion about this post