ലഖ്‌നൗ : ചൊവ്വാഴ്ച ഉത്തർപ്രദേശ് നിയമസഭയ്ക്കു മുന്നിൽ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച യുവതി മരിച്ചു. ആയിഷ എന്ന അഞ്ജന തിവാരിയാണ് മരണപ്പെട്ടത്. യുവതിക്ക് 85 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.
സംഭവത്തിൽ അഞ്ജനയെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചുവെന്ന് കാണിച്ച് രാജസ്ഥാൻ മുൻ ഗവർണർ സുഖ്ദേവ് പ്രസാദിന്റെ മകനും കോൺഗ്രസ് നേതാവുമായ അലോക് പ്രസാദിനെ ലഖ്‌നൗ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭർത്താവുമായി വേർപിരിഞ്ഞ ഹിന്ദു മതവിശ്വാസിയായിരുന്ന അഞ്ജന, മറ്റൊരു വിവാഹം കഴിക്കുന്നതിനായി ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു. ആസിഫ് എന്ന യുവാവിനെയാണ് പെൺകുട്ടി വിവാഹം കഴിക്കാനിരുന്നത്. എന്നാൽ, വിവാഹം നടക്കുന്നതിനു മുമ്പേ ഇയാൾ സൗദി അറേബ്യയിലേക്ക് പോയി.
ഇതിനു പിന്നാലെ, ആസിഫിന്റെ കുടുംബം തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചാണ് 35 വയസ്സുള്ള യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചത്. വിഷയം ലവ് ജിഹാദാണോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് യുപി പോലീസ് അറിയിച്ചിട്ടുണ്ട്.








