ഭോപാൽ: മുൻനിര നേതാക്കൾ രാജി വെച്ച് ബിജെപിയിൽ ചേർന്നതിനെ തുടർന്ന് നാമാവശേഷമായ മധ്യപ്രദേശ് കോൺഗ്രസ്സിൽ പുതിയ പ്രതിസന്ധി. ഉപതിരഞ്ഞെടുപ്പിനായി പാർട്ടി പുറത്തിറക്കിയ പ്രകടനപത്രികയിൽ രാഹുൽ ഗാന്ധിയുടെയും മുതിർന്ന നേതാവ് ദിഗ്വിജയ് സിംഗിന്റെയും ചിത്രങ്ങളില്ലാത്തതാണ് പാർട്ടിയിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്.
രാഹുലിന്റെ ചിത്രമില്ലാതെ പ്രകടനപത്രിക തയ്യാറാക്കിയത് ബാലിശമാണെന്നായിരുന്നു കോൺഗ്രസ് നേതാവ് മനക് അഗർവാളിന്റെ പ്രതികരണം. 2018ലെ പ്രകടനപത്രികയിൽ രാഹുൽ ഗാന്ധിയുടെ ചിത്രം ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ന് അതേസ്ഥാനത്ത് കമൽനാഥിന്റെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പാർട്ടിയുടെ ജയസാധ്യതകളെ ദോഷകരമായി ബാധിക്കുമെന്ന ഭയമാണ് രാഹുലിനെ ഒഴിവാക്കിയതിന് പിന്നിലെന്ന് ബിജെപി പരിഹസിച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 28 സീറ്റുകളിലും ജയിച്ചാൽ മാത്രമേ കോൺഗ്രസ്സിന് സംസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്താൻ സാധിക്കൂ. എന്നാൽ ബിജെപിക്ക് ഒൻപത് സീറ്റുകൾ കൂടി ലഭിച്ചാൽ കേവലഭൂരിപക്ഷം നേടാൻ സാധിക്കും.
230 അംഗ മധ്യപ്രദേശ് നിയമസഭയിൽ നിലവിൽ ബിജെപിക്ക് 107 അംഗങ്ങളാണ് ഉള്ളത്. കോൺഗ്രസ്സിന് 88ഉം ബിഎസ്പിക്ക് 2ഉം എസ് പിക്ക് ഒരു അംഗവുമാണുള്ളത്. നാല് അംഗങ്ങൾ സ്വതന്ത്രരാണ്. കേവല ഭൂരിപക്ഷത്തിന് വേണ്ട എം എൽ എമാരുടെ എണ്ണം 116 ആണ്.







