ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വാണിജ്യ ബന്ധത്തെ പാകിസ്ഥാൻ തടസ്സപ്പെടുത്തുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. രാജ്യത്തിന്റെ വിദേശനയത്തിലും പാകിസ്ഥാൻ തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു ഓൺലൈൻ പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാൻ ഭീകരവാദത്തെ പിന്തുണയ്ക്കുന്നതിനാൽ രാജ്യവുമായി ‘സാധാരണ രീതി’യിലുള്ള ബന്ധം നിലനിർത്താൻ അയൽ രാജ്യങ്ങൾക്കൊന്നും സാധിക്കുകയില്ലെന്നും അതുകൊണ്ട് തന്നെ പാകിസ്ഥാനുമായി ഒരു തരത്തിലുമുള്ള വ്യാപാരത്തിലും ഇന്ത്യ ഏർപ്പെട്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
വളരെക്കാലമായി പാകിസ്ഥാനോട് ഭീകര പ്രവർത്തനങ്ങളിൽ നിന്നും പിൻവാങ്ങണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ഇപ്പോഴുള്ള അവസ്ഥയിൽ നിന്നുമൊരു മാറ്റത്തിനു പാകിസ്ഥാനിതു വരെ തയ്യാറായിട്ടില്ലെന്ന് എസ്.ജയശങ്കർ കൂട്ടിച്ചേർത്തു. ഗാൽവൻ അതിർത്തിയിൽ നിലനിൽക്കുന്ന ഇന്ത്യ-ചൈന സംഘർഷത്തെ സംബന്ധിച്ചും അദ്ദേഹം ഓൺലൈൻ പരിപാടിയിൽ സംസാരിച്ചു.








