വാഷിംഗ്ടൺ; അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ കമ്പനിക്ക് ചൈനയിൽ ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന വെളിപ്പെടുത്തലുമായി ന്യൂയോർക്ക് ടൈംസ്. ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍സ് മാനേജ്‌മെന്റ് ആണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. ഏഷ്യയിലെ ഹോട്ടല്‍ വ്യവസായത്തിന്റെ സാധ്യത വിനിയോഗിക്കാനാണ് ഈ സ്ഥാപനം ചൈനയില്‍ തുടങ്ങിയത് എന്നാണ് കമ്പനിയുടെ വിശദീകരണം.
2013 മുതല്‍ 2015 വരെ ട്രംപിന്റെ കമ്പനി ചൈനയില്‍ നികുതി അടച്ചിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, അമേരിക്കൻ കമ്പനികൾ ചൈനയില്‍ ബിസിനസ് ചെയ്യുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന നയമാണ് ട്രമ്പ് സ്വീകരിച്ചു പോരുന്നത്. ചൈനയുമായി അമേരിക്കയെ വ്യാപാരയുദ്ധത്തിലേക്ക് നയിച്ചത് ട്രമ്പിന്റെ ഈ നയങ്ങളായിരുന്നു. തുടർന്ന് ചൈനീസ് ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചിരുന്നു.
അതേസമയം എതിർസ്ഥാനാർത്ഥി ജോ ബൈഡന്റെ ചൈനീസ് നയങ്ങളെ ട്രമ്പ് നിശിതമായി വിമർശിക്കുന്നുണ്ട്. ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന്റെ ചൈനയുമായുള്ള ഇടപാടുകളും തെരഞ്ഞെടുപ്പ് റാലികളിൽ ട്രമ്പ് ആയുധമാക്കുന്നുണ്ട്.








