തിരുവനന്തപുരം: സോളാർ തട്ടിപ്പ് കേസിൽ ബിജു രാധാകൃഷ്ണന് മൂന്ന് വർഷം കഠിന തടവും പതിനായിരം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം സ്വദേശികളിൽ നിന്നും ബിജു രാധാകൃഷ്ണന്റെ സ്വിസ് സോളാർ കമ്പനി 75 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് വിധി. കേസിൽ ബിജു രാധാകൃഷ്ണൻ നേരത്തേ കുറ്റം സമ്മതിച്ചിരുന്നു.
വിവിധ കേസുകളിലായി അഞ്ച് വർഷത്തിലധികം ജയിലിൽ കഴിഞ്ഞതിനാൽ തടവ് ശിക്ഷ അനുഭവിക്കേണ്ടതില്ല. കേസിലെ മറ്റ് പ്രതികളായ ശാലു മേനോൻ, കലാദേവി എന്നിവർക്കെതിരായ വിചാരണ തുടരും.
സോളാർ വിതരണ കമ്പനിയിൽ നിക്ഷേപകരുടെ വിശ്വാസമാർജിക്കാൻ എറണാകുളത്തെ ഒരു കമ്പ്യൂട്ടർ സ്ഥാപനത്തിൽ വച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ വ്യാജ കത്ത് ഉണ്ടാക്കി 75 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്‌ത കേസ്. ഈ സ്ഥപനത്തിന്റെ ഉടമ ഫെനിയെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് കേസിൽ മാപ്പുസാക്ഷി ആക്കുകയായിരുന്നു.
മറ്റൊരു കേസിൽ ബിജു രാധാകൃഷ്ണന് ആറ് വർഷത്തെ തടവും പിഴയും വിധിച്ചിരുന്നു. എന്നാൽ വിചാരണ കാലയളവിലെ ജയിൽവാസം ശിക്ഷയായി പരിഗണിച്ച് ഈ കേസിലും കോടതി ശിക്ഷാ ഇളവ് നൽകിയിരുന്നു.











