ന്യൂഡൽഹി : രാജ്ഘട്ട് ഡിപ്പോയിൽ എച്ച്സിഎൻജി പ്ലാന്റും വിതരണ സ്റ്റേഷനും ഉദ്ഘാടനം ചെയ്ത് ഡൽഹി ഗതാഗതമന്ത്രി കൈലാഷ് ഗെഹ്ലോട്ട്. പെട്രോളിയം പ്രകൃതിവാതക വകുപ്പ്, ഡൽഹി ഗതാഗതവകുപ്പ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ്, എന്നിവയിലെ ഉദ്യോഗസ്ഥർക്കൊപ്പം കേന്ദ്ര പെട്രോളിയം- പ്രകൃതി വാതക വകുപ്പുമന്ത്രി ധർമേന്ദ്ര പ്രധാനും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഡൽഹി ഗതാഗത വകുപ്പിനോട് സഹകരിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡാണ് എച്ച്സിഎൻജി പ്ലാന്റ് നിർമ്മിച്ചിട്ടുള്ളത്. ഇത് നിർമ്മിക്കാനും പ്ലാന്റിനെ സംബന്ധിച്ച പഠനത്തിനുമായി ഡൽഹി ഗതാഗത വകുപ്പ് 15 കോടി രൂപ അനുവദിച്ചിരുന്നു. പരീക്ഷണാർത്ഥം അടുത്ത ആറുമാസത്തിനിടെ എച്ച്സിഎൻജി ഇന്ധനമുപയോഗിച്ച് ഓടുന്ന 50 ബസ്സുകൾ റോഡുകളിൽ ഇറക്കും.
ഇത് വിജയകരമായാൽ ഡീസൽ, പെട്രോൾ, എൽ.പി.ജി എന്നിവയ്ക്കു പകരം ഹൈഡ്രജൻ എൻറിച്ച്ഡ് -കമ്പ്രസ്സ്സ് നാച്ചുറൽ ഗ്യാസ് അഥവാ എച്ച്സിഎൻജി ഉപയോഗിക്കാൻ സാധിക്കും. കാർബൺ മോണോക്സൈഡിന്റെ ബഹിർഗമനം 70 ശതമാനത്തോളം കുറയ്ക്കാൻ സാധിക്കുമെന്നത് എച്ച്സിഎൻജിയുടെ വളരെ വലിയ പ്രത്യേകതയാണ്.
Discussion about this post