ന്യൂഡൽഹി : അതിർത്തിയിൽ ചൈനയുമായി നടക്കുന്ന സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ സന്നദ്ധമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. എന്നാൽ, ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“ചൈനയുമായുള്ള അതിർത്തി തർക്കം സമാധാനമായി അവസാനിപ്പിക്കുന്നതിൽ ഇന്ത്യയ്ക്ക് താല്പര്യമുണ്ട്. എന്നാൽ, ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കാൻ ഭരണകൂടമോ സൈനികരോ തയ്യാറല്ലെന്ന് അറിയുക” എന്നാണ് പ്രതിരോധ മന്ത്രി വ്യക്തമാക്കിയത്. പശ്ചിമബംഗാളിലെ ഡാർജിലിങ്ങിൽ, ഇന്ത്യൻ സൈന്യത്തിന്റെ സുഖ്നയിലുള്ള സൈനിക താവളത്തിൽ ആയുധപൂജ ചെയ്യുകയായിരുന്നു അദ്ദേഹം. സിക്കിം അതിർത്തിയിലുള്ള ഷെരാതംഗിലായിരുന്നു അദ്ദേഹം സൈനികനൊപ്പം ദസറ ആഘോഷിക്കാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ, മോശം കാലാവസ്ഥ മൂലം വ്യോമസേനയ്ക്ക് ഹെലികോപ്റ്റർ പറത്താൻ സാധിക്കാതിരുന്നതിനാൽ, പശ്ചിമ ബംഗാളിലേക്ക് പരിപാടി മാറ്റുകയായിരുന്നു.
“ധൈര്യവും നിശ്ചയദാർഢ്യവും കൈമുതലാക്കി ഇന്ത്യൻ സൈനികർ അതിർത്തി സംരക്ഷിക്കുന്നത് നാളെ ചരിത്രം തങ്കലിപികളിൽ രേഖപ്പെടുത്തണമെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
Discussion about this post