കൊച്ചി: ദാവൂദ് അൽ അറബി യഥാർത്ഥ പേരല്ലെന്ന് കസ്റ്റംസ് നിഗമനം. സ്വർണ്ണം അടങ്ങിയ പാഴ്സൽ തിരുവനന്തപുരത്ത് തടഞ്ഞു വെച്ചപ്പോൾ, അത് തുറക്കാതെ ദുബായിലേക്ക് തിരിച്ചയക്കാൻ ഉന്നത സ്വാധീനമുള്ള മലയാളി ഇടപെട്ടിട്ടുണ്ടെന്ന് കോൺസുലേറ്റ് അറ്റാഷെ റഷീദ് ഖമീസ് സ്വപ്നയോട് പറഞ്ഞിരുന്നു. ഇത്തരം ഇടപാടുകളിൽ അദ്ദേഹം വിദഗ്ധനാണ് എന്നും ഭയക്കേണ്ടെന്നും അറ്റാഷേ സ്വപ്നയോടു പറഞ്ഞു. ദാവൂദ് അൽ അറബിയെ കുറിച്ചാണോ അറ്റാഷെ പരാമർശിച്ചതെന്ന് കസ്റ്റംസിന് ബലമായ സംശയമുണ്ട്.
അതേസമയം, സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത റബ്ബിൻസ്.കെ. ഹമീദ് സഹകരിക്കുന്നില്ലെന്ന് ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ റിപ്പോർട്ട് നൽകി. ചോദ്യങ്ങളോട് മുഖം തിരിക്കുകയാണ് റബ്ബിൻസ് ചെയ്യുന്നത്. പാഴ്സൽ 21 തവണ കേരളത്തിലേക്ക് കടത്തിയ സ്വർണം ദുബായിൽ സ്വീകരിച്ചത് റബ്ബിൻസ് ആണെന്നും എൻ.ഐ.എ മൊഴി കൊടുത്തു. തുടർന്ന് പ്രതിയെ ഏഴു ദിവസത്തേക്ക് കോടതി എൻ.ഐ.എയുടെ കസ്റ്റഡിയിൽ വിട്ടു നൽകി.
തനിക്ക് എത്ര ഡിജിറ്റൽ ഉപകരണങ്ങളും മൊബൈൽ ഫോണുകളുമുണ്ടെന്ന് റബ്ബിൻസ് പറയാൻ തയ്യാറായിട്ടില്ല. കേരളത്തിൽ നിന്ന് എത്തിച്ച ഹവാല പണം ഉപയോഗിച്ച് സ്വർണം വാങ്ങി രൂപമാറ്റം വരുത്തി പാഴ്സലിൽ ഒളിപ്പിച്ചതും റബിൻസിന്റെ നേതൃത്വത്തിലാണ്.
Discussion about this post